കശ്മീരിൽ സൈന്യത്തെ പിൻവലിക്കും: അമിത് ഷാ
Mail This Article
ന്യൂഡൽഹി ∙ ജമ്മു–കശ്മീരിൽ സായുധസേനാ പ്രത്യേകാധികാര നിയമം (അഫ്സ്പ) പിൻവലിക്കുന്നതു പരിഗണനയിലാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെളിപ്പെടുത്തി. സൈന്യത്തെ പിൻവലിച്ച് ക്രമസമാധാനം കശ്മീർ പൊലീസിനു വിട്ടുകൊടുക്കുമെന്നും വരുന്ന സെപ്റ്റംബറിനു മുൻപ് നിയമസഭാ തിരഞ്ഞെടുപ്പു നടത്തുമെന്നും അദ്ദേഹം ഒരു വാർത്താമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബറിനു മുൻപു നടത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനത്തെ മുൻ മുഖ്യമന്ത്രിമാരും രാഷ്ട്രീയ നേതാക്കളും സ്വാഗതം ചെയ്തു.
‘നേരത്തെ ജമ്മു കശ്മീർ പൊലീസിൽ വിശ്വാസമില്ലായിരുന്നു, എന്നാൽ, ഇന്ന് അവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 70% പ്രദേശങ്ങളിലും അഫ്‌സ്പ നീക്കം ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിലും അതു പിൻവലിക്കണമെന്ന് വിവിധ സംഘടനകളും വ്യക്തികളും ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീരിൽ ജനാധിപത്യം ഉറപ്പാക്കുമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനമാണ്. അത് നിറവേറ്റും’– അമിത് ഷാ പറഞ്ഞു.
കശ്മീരിൽ പഞ്ചായത്തിലും നഗര തദ്ദേശ സ്ഥാപനങ്ങളിലും ഏർപ്പെടുത്തിയ ഒബിസി സംവരണം താഴെത്തട്ടിലേക്ക് വ്യാപിക്കുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാഷനൽ കോൺഫറൻസ് (എൻസി) നേതാവ് ഫാറൂഖ് അബ്ദുല്ലയും പിഡിപി മേധാവി മെഹബൂബ മുഫ്തിയും സംവരണത്തിൽ പ്രശ്നം സൃഷ്ടിക്കാൻ പരമാവധി ശ്രമിച്ചുവെന്നും എന്നാൽ ജനങ്ങൾക്ക് അവരുടെ ഉദ്ദേശ്യം മനസ്സിലായെന്നും ഷാ പറഞ്ഞു.
5 വർഷത്തിനിടെ കശ്മീരിൽ ഒരു വ്യാജ ഏറ്റുമുട്ടൽ പോലും നടന്നിട്ടില്ലെന്ന് ഷാ അവകാശപ്പെട്ടു. ‘കശ്മീരിലെ യുവാക്കളുമായി ചർച്ച നടത്തും. പക്ഷേ, പാക്കിസ്ഥാനിൽ വേരുകളുള്ള സംഘടനകളോടു ചർച്ചയില്ല. ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് 12 സംഘടനകളെ നിരോധിക്കുകയും 36 പേരെ ഭീകരരായി പ്രഖ്യാപിക്കുകയും ചെയ്തു. ഭീകരപ്രവർത്തനത്തിന് ധനസഹായം തടയാൻ 22 ൽ അധികം കേസുകൾ റജിസ്റ്റർ ചെയ്തു. 150 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി’– ഷാ അറിയിച്ചു.
അഫ്സ്പ പിൻവലിക്കുകയും നിയമസഭാതിരഞ്ഞെടുപ്പു നടത്തുകയും ചെയ്യുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനത്തെ മെഹബൂബ മുഫ്തി സ്വാഗതം ചെയ്തു. ആദ്യപടിയെന്ന നിലയിൽ, ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകരെയും കശ്മീരികളെയും മോചിപ്പിക്കണമെന്നും അവർ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പു കണക്കിലെടുത്താണ് അഫ്‌സ്‌പ പിൻവലിക്കുമെന്ന് വാഗ്‌ദാനം ചെയ്‌തതെന്ന് മുൻ ഒമർ അബ്ദുല്ല പറഞ്ഞു.ഒമർ അബ്ദുല്ല പറഞ്ഞു.