മോദിയുടെ പേരിൽ ജനം വോട്ടു ചെയ്യും; ലക്ഷ്യം സൂപ്പർ പവർ: രാജ്നാഥ് സിങ്
Mail This Article
‘നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സൂപ്പർ പവർ ആകുമെന്ന് ജനങ്ങൾ വിശ്വസിക്കുന്നു. അവർ മോദിക്ക് വോട്ടുചെയ്യും’– രാജ്നാഥ് സിങ് പറഞ്ഞു. ദ് വീക്ക് മാഗസിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബിജെപി മുൻ ദേശീയ അധ്യക്ഷൻ കൂടിയായ പ്രതിരോധ മന്ത്രി ഇക്കാര്യം പറഞ്ഞത്. ബിജെപി 370 സീറ്റിനു മുകളിൽ നേടുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞത് അദ്ദേഹം ആവർത്തിച്ചു.
∙ എൻഡിഎ 400 സീറ്റിനു മുകളിൽ നേടുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ബിജെപി എത്ര സീറ്റ് നേടും?
ബിജെപിക്ക് 370ൽ കുറയില്ല. ചില സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടും. ഉദാഹരണത്തിന് ഉത്തർപ്രദേശിൽ 62 സീറ്റാണ് ഇപ്പോഴുള്ളത്. ഇത്തവണ 74–76 പ്രതീക്ഷിക്കുന്നു.
∙ മഹാരാഷ്ട്രയിൽ കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ സീറ്റ് മഹാ വികാസ് അഗാഡി സഖ്യം നേടുമെന്ന വിലയിരുത്തലുണ്ട്.
അങ്ങനെ ഞാൻ കരുതുന്നില്ല. ഏക്നാഥ് ഷിൻഡെയും അജിത് പവാറും വന്നതോടെ ഞങ്ങൾ കൂടുതൽ കരുത്തരാണ്.
∙ ബിജെപിയുമായി സഖ്യം ചേർന്നതോടെ അവരുടെ വിശ്വാസ്യത പോയില്ലേ?
ഒരിക്കലുമില്ല. രാജ്യത്തിന്റെ വിശാല താൽപര്യം മുൻനിർത്തിയാണ് അവർ ബിജെപിയുമായി കൈകോർത്തത്.
∙ കർണാടകയിൽ ഇത്തവണയും മെച്ചമുണ്ടാക്കാൻ കഴിയുമോ?
ആകെയുള്ള 28 സീറ്റിൽ 26 എങ്കിലും കിട്ടും. ഇത്തവണ ജനതാദൾ– എസ് കൂടി ഞങ്ങൾക്കൊപ്പമുണ്ട്.
∙ തെലങ്കാനയിൽ പക്ഷേ കോൺഗ്രസ് തരംഗമാണ്.
കോൺഗ്രസിന് സംസ്ഥാനത്ത് ശക്തിയുണ്ട്. പക്ഷേ, ലോക്സഭാ തിരഞ്ഞെടുപ്പു വരുമ്പോൾ ഞങ്ങൾക്കൊപ്പമായിരിക്കും ജനങ്ങൾ.
∙ കേരളവും തമിഴ്നാടും ബിജെപിയുടെ മുന്നിൽ ബാലികേറാമലയല്ലേ?
തമിഴ്നാട്ടിൽ ചില അദ്ഭുതങ്ങൾ ഉണ്ടാകും. മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത മട്ടിൽ വിവിധ സമുദായങ്ങൾ ബിജെപിയോട് അടുത്തുകൊണ്ടിരിക്കുകയാണ്. കേരളത്തിലും നിശ്ചയമായും ഏതാനും സീറ്റ് ലഭിക്കും. എത്രയെന്ന് ഇപ്പോൾ പറയുന്നില്ല. 6 വരെയാകാം. തിരുവനന്തപുരം, പാലക്കാട്, തൃശൂർ എന്നിവ ഞങ്ങൾ പ്രതീക്ഷിക്കുന്ന സീറ്റുകളാണ്.
∙ സിഎഎ വിഷയത്തിൽ ന്യൂപക്ഷങ്ങൾക്കുള്ള ആശങ്ക എങ്ങനെ ബാധിക്കും? പ്രത്യേകിച്ചും ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ?
ഈ വിഷയത്തിലുള്ള ആശയക്കുഴപ്പം പരിഹരിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ചില വിഭാഗങ്ങൾക്ക് പൗരത്വം കൊടുക്കും എന്നല്ലാതെ ആരുടെയും പൗരത്വം ഇല്ലാതാക്കില്ല. ബംഗാളിൽ ഇതു വിഷയമാകില്ല. ഇത്തവണ 25–30 സീറ്റു ലഭിക്കും.
∙ രാമക്ഷേത്രം നിർമിച്ചത് ബിജെപിക്ക് രാഷ്ട്രീയനേട്ടം നൽകുമോ?
അതിൽ രാഷ്ട്രീയം ഞങ്ങൾ കണ്ടിട്ടില്ല. നേട്ടമോ നഷ്ടമോ കാര്യമാക്കുന്നില്ല. ശ്രീരാമന്റെ ജന്മം കൊണ്ട് പവിത്രമായ സ്ഥലത്ത് ക്ഷേത്രം പണിതു എന്നു മാത്രമേയുള്ളൂ.
∙ ഇപ്പോൾ ശ്രദ്ധ കാശി, മഥുര ക്ഷേത്രങ്ങളിലാണ്.
ഗ്യാൻവാപിയിലേത് ദീർഘകാലമായി നിലനിൽക്കുന്ന തർക്കമാണ്. ഈ വിഷയത്തിൽ കോടതി എന്തുതീരുമാനമെടുത്താലും അംഗീകരിക്കും.
∙ ആർട്ടിക്കിൾ 370, ഏകവ്യക്തി നിയമം, സിഎഎ തുടങ്ങി പല വാഗ്ദാനങ്ങളും ബിജെപി നടപ്പാക്കി. അടുത്തത് എന്താണ്?
വികസിത് ഭാരത്. ഇന്ത്യയെ സൂപ്പർ പവർ ആക്കുക.
∙ ബിജെപി അധ്യക്ഷനായിരിക്കെ താങ്കളാണ് മോദി പ്രധാനമന്ത്രി സ്ഥാനാർഥി ആണെന്ന് 2014 ൽ പ്രഖ്യാപിച്ചത്. എന്തൊക്കെ സവിശേഷതകളാണ് മോദിയിൽ കണ്ടത്?
ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം രാജ്യം പുരോഗതിയിലേക്കു മുന്നേറി. എന്റെ നിഗമനം ശരിയായിരുന്നു എന്നാണ് അതു തെളിയിക്കുന്നത്.
∙ കശ്മീരിലെ സാഹചര്യം തിരഞ്ഞെടുപ്പ് നടത്താൻ അനുകൂലമാണോ? പ്രത്യേക സൈനിക നിയമം എടുത്തുമാറ്റാൻ സാധിക്കുമോ?
നിലവിൽ ഗൗരവമേറിയ സുരക്ഷാ വെല്ലുവിളികളില്ല. എത്രയും വേഗം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തും. ഉചിതമായ സമയത്ത് സൈനിക നിയമം മാറ്റും.