മുക്താർ അൻസാരിയുടെ മരണം ഹൃദയാഘാതം മൂലമെന്ന് റിപ്പോർട്ട്; മൃതദേഹം കനത്ത സുരക്ഷയോടെ സംസ്കരിച്ചു
Mail This Article
ലക്നൗ ∙ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞദിവസം മരിച്ച മുൻ എംഎൽഎയും ഗുണ്ടാത്തലവനുമായ മുക്താർ അൻസാരിയുടെ (63) മൃതദേഹം കനത്ത സുരക്ഷയിൽ സംസ്കരിച്ചു. ഗാസിപ്പുരിലെ വീടിനു സമീപമുള്ള കാളിബാഗ് കുടുംബ ശ്മശാനത്തിലായിരുന്നു ചടങ്ങുകൾ.
വ്യാഴാഴ്ച രാത്രി ജയിലിൽനിന്ന് അബോധാവസ്ഥയിൽ ബന്ദയിലെ റാണി ദുർഗാവതി മെഡിക്കൽ കോളജിൽ എത്തിച്ച അൻസാരി അൽപസമയത്തിനുള്ളിൽ മരിച്ചു. ഹൃദയാഘാതം മൂലമാണു മരണമെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വിഷം നൽകി കൊന്നുവെന്ന് കുടുംബം ആരോപിച്ചതിനെത്തുടർന്ന് അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് പോസ്റ്റ്മോർട്ടം നടത്തിയത്. വെള്ളിയാഴ്ച അർധരാത്രിയോടെ മൃതദേഹം വീട്ടിലെത്തിച്ചു.
ശ്മശാനത്തിലേക്കുള്ള വിലാപയാത്രയിൽ വൻ ജനാവലി പങ്കെടുത്തു. മൂത്ത സഹോദരനും എംപിയുമായ അഫ്സൽ അൻസാരി, മറ്റൊരു സഹോദരനും മുൻ എംഎൽഎയുമായ സിബ്ഗത്തുള്ള അൻസാരി, മകൻ ഒമർ അൻസാരി, സഹോദരീപുത്രിയും എംഎൽഎയുമായ സുഹൈബ് അൻസാരി തുടങ്ങിയവർ നേതൃത്വം നൽകി. വിവിധകേസുകളിൽ ശിക്ഷിക്കപ്പെട്ട് കാസിഗഞ്ച് ജയിലിൽ കഴിയുന്ന മുക്താർ അൻസാരിയുടെ മൂത്തമകനും എംഎൽഎയുമായ അബ്ബാസ് അൻസാരി ചടങ്ങിൽ പങ്കെടുത്തില്ല. അൻസാരിയുടെ മരണത്തെത്തുടർന്ന് സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ബന്ദ, മൗ, ഗാസിപ്പുർ, വാരാണസി എന്നിവിടങ്ങളിൽ അധികസുരക്ഷ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
ജയിലിൽവച്ച് ഭക്ഷണത്തിൽ വിഷംകലർത്തിയാണ് മുക്താർ അൻസാരിയെ കൊന്നതെന്ന് സഹോദരൻ അഫ്സൽ ആരോപിച്ചു. മുൻപും വിഷം നൽകാൻ ശ്രമിച്ചിരുന്നു. ഇക്കാര്യം അൻസാരിയുടെ അഭിഭാഷകൻ ഈ മാസം ആദ്യം കോടതിയുടെ ശ്രദ്ധയിൽപെടുത്തിയതാണ്. എന്നാൽ 19ന് പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അൻസാരിയെ 14 മണിക്കൂറിന് ശേഷം ഡിസ്ചാർജ് ചെയ്തുവെന്നും പിന്നീട് രാത്രി 8.45ന് ശുചിമുറിയിൽ വീഴുകയായിരുന്നെന്നും ജയിൽ വകുപ്പ് അറിയിച്ചു.
ഇതേസമയം, കുടുംബത്തിന്റെ ആരോപണത്തെപ്പറ്റി സമഗ്രാന്വേഷണം വേണമെന്ന് സമാജാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർജെഡി നേതാവ് തേജസ്വി യാദവ്, എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി, ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ മായാവതി എന്നിവർ ഉൾപ്പെടെ ആവശ്യപ്പെട്ടു.
മൗ സീറ്റിൽനിന്ന് 5 തവണ എംഎൽഎയായിരുന്ന മുക്താർ അൻസാരി 15 കൊലപാതകക്കേസുകൾ ഉൾപ്പെടെ 60 ൽ അധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പഞ്ചാബ്, യുപി സംസ്ഥാനങ്ങളിലെ ജയിലുകളിലായി 2005 മുതൽ ശിക്ഷയനുഭവിക്കുന്നു. മൗ, ഗാസിപ്പുർ, വാരാണസി, ജാൻപുർ ജില്ലകളിലാണ് കൊളളയും തട്ടിക്കൊണ്ടുപോകലും വഴി സംഘം അഴിഞ്ഞാടിയത്.