എഎപിക്ക് തിരിച്ചടിയായി മന്ത്രിയുടെ രാജി; റെയ്ഡിനെത്തുടർന്നുള്ള ഭയം രാജിക്കു കാരണമെന്ന് എഎപി
Mail This Article
ന്യൂഡൽഹി ∙ ആം ആദ്മി പാർട്ടിക്കു പ്രഹരമേൽപിച്ച് ഡൽഹിയിൽ തൊഴിൽ, പിന്നാക്കക്ഷേമ മന്ത്രി രാജ്കുമാർ ആനന്ദ് രാജിവച്ചു. എഎപിയിൽ അഴിമതിയാണെന്നും ദലിതർക്ക് അവഗണനയാണെന്നും ആരോപിച്ച് പാർട്ടി അംഗത്വവും രാജിവച്ചു. അതേസമയം, ഇ.ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്) റെയ്ഡിനെത്തുടർന്നുള്ള ഭയമാണു രാജിക്കു കാരണമെന്ന് എഎപി നേതാക്കൾ ആരോപിച്ചു. നാളെ വീണ്ടും ചോദ്യംചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടിസ് നൽകിയതാണു രാജിക്കു കാരണമെന്നും അവർ പറഞ്ഞു.
കഴിഞ്ഞവർഷം നവംബറിൽ രാജ്കുമാർ ആനന്ദിന്റെ ഡൽഹി സിവിൽ ലെയ്ൻസിലെ വസതിയിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. കണക്കിൽപെടാത്ത ബിസിനസ് നിക്ഷേപവും ചൈനയിലേക്കുള്ള ഹവാല ഇടപാടുകളും കണ്ടെത്തിയെന്നും 74 ലക്ഷം രൂപ പിടിച്ചെടുത്തെന്നും ഇ.ഡി അറിയിച്ചിരുന്നു.
7 കോടി രൂപയുടെ കസ്റ്റംസ് നികുതി വെട്ടിപ്പിന്റെയും ഹവാല ഇടപാടുകളുടെയും പേരിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) രാജ്കുമാറിനു നേരത്തേ കുറ്റപത്രം നൽകിയിരുന്നു. ‘ഇ.ഡിയെയും സിബിഐയെയും ഉപയോഗിച്ച് ഞങ്ങളുടെ മന്ത്രിമാരെയും എംഎൽഎമാരെയും തകർക്കാൻ ശ്രമിക്കുകയാണ് അവർ. ഇതൊരു അഗ്നിപരീക്ഷയാണ്’– രാജ്യസഭാംഗം സഞ്ജയ് സിങ് പറഞ്ഞു.