കേജ്രിവാളിന്റെ ജാമ്യാപേക്ഷ: ഒന്നും പറയാതെ സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ മദ്യനയക്കേസിലെ അറസ്റ്റ് ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി തയാറായില്ല. വിശ്വാസ്യതയില്ലാതെ രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും അവ തങ്ങൾക്കു ലഭ്യമാക്കിയിട്ടില്ലെന്നും കേജ്‍രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി പറഞ്ഞപ്പോൾ ഇക്കാര്യങ്ങൾ ഇമെയിലിൽ അറിയിക്കാനായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം.
മെയിൽ പരിശോധിച്ചാലേ എപ്പോൾ ലിസ്റ്റ് ചെയ്യാനാകുമെന്നു പറയാനാകൂ എന്നു ചീഫ് ജസ്റ്റിസ് ഉച്ചയ്ക്കുശേഷം അറിയിച്ചു. എന്നാൽ, കോടതി പിരിയുംവരെയും മറുപടിയുണ്ടായില്ല. ഇനി കോടതി ചേരുന്ന തിങ്കളാഴ്ചയേ ഹർജി പരിഗണിക്കാനിടയുള്ളൂ. അല്ലെങ്കിൽ അവധി ദിവസം പ്രത്യേക ബെഞ്ചിനെ നിയോഗിക്കണം.
ഇതിനിടെ, ആഴ്ചയിൽ 5 തവണ ജയിലിൽ അഭിഭാഷകരെ കാണാൻ അനുവദിക്കണമെന്ന കേജ്‌രിവാളിന്റെ ആവശ്യം റൗസ് അവന്യു പ്രത്യേക കോടതി തള്ളി. നിലവിൽ ആഴ്ചയിൽ 2 തവണ കാണാനാണ് അനുമതിയുള്ളത്.