പാവങ്ങളുടെ ഊട്ടിയിൽ ഗൗഡറ ഗർജന; ഹാസനിൽ 2 ഗൗഡകുടുംബങ്ങൾ തമ്മിൽ 3 തലമുറയായി ഗ്വാഗ്വാവിളി
Mail This Article
ഹാസനിലെ കോറവങ്കളയിൽ വൈകിട്ടു 4 മണിക്കേ ചെറിയ തണുപ്പ്. വേനൽച്ചൂടിനിടെ തണുപ്പോ എന്നു വരത്തന്മാർ അമ്പരക്കുമെങ്കിലും ഈ നാട് അറിയപ്പെടുന്നതുതന്നെ പാവങ്ങളുടെ ഊട്ടി എന്നാണ്. അവിടെ കോൺഗ്രസ് കുടുംബക്കാരൻ പുട്ടസ്വാമി ഗൗഡയുടെ കൊച്ചുമകൻ ശ്രേയസ്സ് പട്ടേൽ ഗൗഡയുടെ തിരഞ്ഞെടുപ്പു പ്രചാരണമാണ്. എതിർസ്ഥാനാർഥി ജനതാദളി(എസ്)ന്റെ പ്രജ്വൽ ഗൗഡ മുൻ പ്രധാനമന്ത്രി ദേവെഗൗഡയുടെ കൊച്ചുമകൻ. ഈ ഗൗഡകുടുംബങ്ങൾ തമ്മിൽ 40 കൊല്ലമായി അഥവാ 3 തലമുറയായി രാഷ്ട്രീയ ഗ്വാഗ്വാവിളിയാണ്.
ഗൗഡമാരുടെ നാടാണു ഹാസൻ. ഇവിടെ ഗൗഡ മാത്രമേ ജയിക്കൂ. 1989 ൽ മാത്രം ‘ഗൗഡേതരൻ’ ശ്രീകാന്തയ്യ ജയിച്ചു. ദേവെഗൗഡ 5 തവണ ലോക്സഭയിലേക്കു ജയിച്ച മണ്ഡലം കൊച്ചുമകനു കൊടുത്തിരിക്കുകയാണ്. 2019 ൽ കർണാടകയാകെ ബിജെപി മേൽക്കൈ നേടിയപ്പോൾ ആകെ ഒരു സീറ്റാണ് ജെഡിഎസിനു ലഭിച്ചത് – പ്രജ്വൽ ഗൗഡ. വൊക്കലിഗ വോട്ടുബാങ്കിന്റെ പവർ.
ദേവെഗൗഡയുടെ മകൻ എച്ച്.ഡി.കുമാരസ്വാമി എംഎൽഎ അടുത്തുള്ള മണ്ഡ്യയിൽനിന്നു ലോക്സഭയിലേക്കു മത്സരിക്കുന്നു. മറ്റൊരു മകൻ എച്ച്.ഡി.രേവണ്ണ എംഎൽഎയാണ്. രേവണ്ണയുടെ മകനാണ് പ്രജ്വൽ. കുമാരസ്വാമിയും രേവണ്ണയും സ്ഥാനങ്ങൾ പങ്കിടാൻ കുടുംബത്തിനകത്തും അടിയാണത്രേ. പലതരം ഗൗഡമാരുടെ തമ്മിലടിയെ ഗൗഡറ ഗർജന എന്നാണ് ഇവിടെ ട്രോളുന്നത്– ഗൗഡമാരുടെ ഗർജനം.
ദേവെഗൗഡയുടെ പ്രധാന എതിരാളി പുട്ടസ്വാമി ഗൗഡയായിരുന്നു. 8 തവണ എംഎൽഎയും 3 തവണ മന്ത്രിയുമായി. പുട്ടസ്വാമി, ദേവെഗൗഡയെ നിയമസഭയിലും പാർലമെന്റിലും തോൽപിച്ചിട്ടുണ്ട്. തിരിച്ച് ദേവെഗൗഡയും കുടുംബവും പുട്ടസ്വാമിയെയും കുടുംബത്തെയും തോൽപിച്ചിട്ടുമുണ്ട്. പുട്ടസ്വാമി മരിച്ചശേഷം പുത്രഭാര്യ അനുപമ ഗൗഡ ഹോളെനരസിപുര നിയമസഭാ മണ്ഡലം ഏറ്റെടുത്തു. 2 തവണ എച്ച്.ഡി.രേവണ്ണയോടു തോറ്റു. കഴിഞ്ഞ വർഷം മകൻ ശ്രേയസ്സ് പട്ടേലും രേവണ്ണയോടു തോറ്റു. ഇപ്പോഴിതാ രേവണ്ണയുടെ മകനോടു പാർലമെന്റിലേക്കു മത്സരിക്കുന്നു.
ഇത്തവണ കോൺഗ്രസ് ജയം ഉറപ്പാണെന്ന് ഹാസൻ ഡിസിസി ഓഫിസിലിരുന്ന് പ്രചാരണ ചുമതലക്കാർ പറഞ്ഞു. കാരണം? ജയിച്ചു പോയിട്ട് പ്രജ്വൽ മണ്ഡലത്തിലേക്കു തിരിഞ്ഞുനോക്കിയിട്ടില്ല. ജനതാദളുകാരെ കോൺഗ്രസിലേക്കു സ്വീകരിക്കുന്ന ചടങ്ങ് കഴിഞ്ഞിറങ്ങിയ ശ്രേയസ്സ് പറഞ്ഞു: ‘ബിജെപിയോടു ചേർന്ന ജനതാദളിന്റെ ഭാവി ഈ തിരഞ്ഞെടുപ്പോടെ തീരും. ദേവെഗൗഡ കുടുംബം ജനവിശ്വാസത്തെ ചൂഷണം ചെയ്യുകയായിരുന്നു. ജയിച്ചു പോയാൽ പിന്നെ കണികാണാൻ കിട്ടില്ല’.