സിവിൽ സർവീസിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്; എന്തിനും പോന്ന സെന്തിൽ
Mail This Article
കർണാടക കേഡറിലെ 2 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ പടിഞ്ഞാറേയറ്റത്ത് കോയമ്പത്തൂരിൽ ബിജെപി സ്ഥാനാർഥിയായി കെ.അണ്ണാമലൈയും വടക്ക് തിരുവള്ളൂരിൽ കോൺഗ്രസിനുവേണ്ടി ശശികാന്ത് സെന്തിലും. ഇരുവരുടെയും പ്രചാരണരീതിയും പ്രസംഗശൈലിയും തമ്മിൽ വടക്കും പടിഞ്ഞാറും തമ്മിലുള്ള അകലമുണ്ട്. അണ്ണാമലൈ എപ്പോഴും കലിപ്പ് മൂഡിലെങ്കിൽ ശശികാന്ത് സെന്തിൽ സൗമ്യൻ, ശാന്തൻ.
കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ തിരുവള്ളൂരിൽ മുൻ എംഎൽഎ കെ.നല്ല തമ്പി (ഡിഎംഡികെ), പൊൻ വി.ബാലഗണപതി (ബിജെപി), ജഗദീഷ് സുന്ദർ (നാം തമിഴർ കക്ഷി) എന്നിവരാണു സെന്തിലിന്റെ എതിരാളികൾ. സിവിൽ സർവീസസ് പരീക്ഷ 9–ാം റാങ്കോടെ പാസായ സെന്തിൽ 2009 ബാച്ച് കർണാടക കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായി.
2019 ൽ രാജിവയ്ക്കുമ്പോൾ സൗത്ത് കന്നഡ ഡപ്യൂട്ടി കമ്മിഷണറായിരുന്നു. ‘ജനാധിപത്യത്തിൽ വീഴ്ചയുണ്ടാകുമ്പോൾ മൗനം പാലിക്കുന്നത് അധാർമികമാണ്’ എന്നു പറഞ്ഞായിരുന്നു രാജി. കോൺഗ്രസിൽ ചേർന്ന സെന്തിൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വാർ റൂമിന്റെ ചുക്കാൻ പിടിച്ചു. അണിയറയിലെ അമരക്കാരൻ ഇതാദ്യമായി തിരഞ്ഞെടുപ്പുകളത്തിൽ ഇറങ്ങിയിരിക്കുന്നു.
Q കർണാടക തിരഞ്ഞെടുപ്പിൽ വാർ റൂം ചുമതലയായിരുന്നു. ഇപ്പോൾ സ്ഥാനാർഥി. മാറ്റം എങ്ങനെയുണ്ട്?
a സ്വാഭാവിക മാറ്റമാണ്. പാർട്ടി നൽകിയ ചുമതല നിറവേറ്റുക എന്നതാണു പ്രധാനം.
Q കർണാടക കേഡർ സിവിൽ സർവീസസ് ഉദ്യോഗസ്ഥനായിരുന്ന അണ്ണാമലൈയും മത്സരിക്കുന്നുണ്ട് ?
a ഞങ്ങൾ ആശയപരമായി ഭിന്നധ്രുവങ്ങളിലാണ്. ഇന്ത്യയെന്ന ആശയത്തെക്കുറിച്ച് ഞങ്ങളുടെ കാഴ്ചപ്പാടിൽ വലിയ അന്തരമുണ്ട്.