ADVERTISEMENT

അപ്പർ അസമിലെ തേയിലത്തോട്ടങ്ങൾക്കിടയിലെ മൈതാനത്തുനിന്ന് ഗൗരവ് ഗെഗോയ് ഉച്ചഭക്ഷണം കഴിക്കുമ്പോൾ സമയം നാലര കഴിഞ്ഞു. ഏതാനും സ്പൂൺ കിച്ചടി മാത്രമാണു ഭക്ഷണം. കോൺഗ്രസിന്റെ ഉയർച്ചയും താഴ്ചയും കണ്ട ഗൗരവിന്റെ ചുമലിലാണ് അസം സംസ്ഥാനത്തെ കോൺഗ്രസിന്റെ ഭാവി. സംസ്ഥാനത്തെ ഭരണസംവിധാനങ്ങളോടു മുഴുവൻ ഏറ്റുമുട്ടിയാണ് 3 തവണ അസം മുഖ്യമന്ത്രിയായിരുന്ന തരുൺ ഗെഗോയിയുടെ മകൻ ജോർഹട്ട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുന്നത്.

2 തവണ ജോർഹട്ട് എംപിയായ തപൻ ഗെഗോയിയിക്ക് ഈസി വാക്കോവർ ആകേണ്ട മണ്ഡലത്തിൽ ഗൗരവ് ഗെഗോയ് എത്തിയപ്പോൾ ചിത്രം മാറി. ഇതോടെ അസം മന്ത്രിസഭ ഒന്നടങ്കം അദ്ദേഹത്തെ തോൽപ്പിക്കാനായി പ്രചാരണം നടത്തുകയാണ്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പലവട്ടം മണ്ഡലത്തിൽ റോഡ് ഷോ നടത്തി.

ഗൗരവിനു വേണ്ടി പ്രചാരണം നടത്താൻ പ്രിയങ്ക ഗാന്ധി ഇന്നലെ ജോർഹട്ടിലെത്തി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, ഈ തിരഞ്ഞെടുപ്പിൽ ഗാന്ധി കുടുംബത്തിൽ നിന്നുള്ള അംഗത്തിന്റെ ആദ്യ പ്രചാരണം കൂടിയായിരുന്നു ഇത്. നിലവിൽ കാലിയബോർ എംപിയാണ് ഗൗരവ്. മണ്ഡലപുനർനിർണയത്തിൽ കാലിയബോർ ഇല്ലാതായി. ഇതോടെയാണ് ഗൗരവ് ജോർഹട്ടിലേക്കു മാറുന്നത്.

മണിപ്പുർ വിഷയത്തിൽ നരേന്ദ്ര മോദിയെയും ബിജെപിയെയും നിർത്തിപ്പൊരിച്ച ഗൗരവിനെ തോൽപ്പിക്കുമെന്നത് അസം മുഖ്യമന്ത്രി ഹിമന്തയുടെ പ്രതിജ്ഞയാണ്. ബിജെപിയുടെ സർവസന്നാഹങ്ങളെയും എതിർത്ത് ഗൗരവ് വിജയിച്ചാൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ അത് പാർട്ടിക്കു പുത്തൻ ഊർജം നൽകും.

Q പ്രധാന തിരഞ്ഞെടുപ്പു വിഷയം ?

a അഭിപ്രായസ്വാതന്ത്ര്യം, പൗരസ്വാതന്ത്ര്യം, പ്രതിഷേധിക്കാനും വിയോജിക്കാനുമുള്ള അവകാശം തുടങ്ങിയവ അസമിൽ അടിച്ചമർത്തപ്പെടുകയാണ്. ബിജെപിയുടെ അനീതിക്കെതിരെ സംസാരിക്കാൻ ജനങ്ങൾക്കു പ്രതീക്ഷയും ധൈര്യവും നൽകുകയാണു കോൺഗ്രസിന്റെ പ്രചാരണങ്ങൾ.

Q മണ്ഡല പുനർനിർണയം എങ്ങനെ ബാധിക്കുന്നു ?

a കാലിയബോർ പോലെ പുനർനിർണയം ബാധിച്ച മറ്റൊരു മണ്ഡലം ഇല്ല. എന്റെ പിതാവിന്റെ കാലം തൊട്ട് 1991 മുതൽ കോൺഗ്രസ് വിജയിക്കുന്ന സീറ്റാണിത്. ഇത് തകർക്കാനാണ് ബിജെപിയും തിരഞ്ഞെടുപ്പു കമ്മിഷനും ശ്രമിച്ചത്. മണ്ഡലം തന്നെ ഇല്ലാതായി. പക്ഷേ, വൻ പ്രതികരണമാണ് ജോർഹട്ടിലെ ജനങ്ങളിൽനിന്നു ലഭിക്കുന്നത്.

Q പൗരത്വ ഭേദഗതി നിയമം തിരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും ?

a ഭരണഘടനയെ എങ്ങനെ അട്ടിമറിക്കുമെന്നതിന്റെ തെളിവുകൂടിയാണ് പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തെ ബിജെപി കൈകാര്യം ചെയ്യുന്ന രീതി. ജനങ്ങളെ പ്രതിഷേധിക്കാൻ അവർ അനുവദിക്കുന്നില്ല.

English Summary:

Gavrav Gogoi contesting from Jorhat constituency in Assam for Loksabha Elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com