446 സ്ഥാനാർഥികളുമായി ബിജെപി; കോൺഗ്രസ് മുന്നൂറിനടുത്ത്
Mail This Article
ന്യൂഡൽഹി ∙ പ്രധാന പാർട്ടികളുടെ സ്ഥാനാർഥിനിർണയം അന്തിമഘട്ടത്തിലേക്കു കടക്കവേ, മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ ബിജെപി റെക്കോർഡ് തിരുത്തുമെന്നുറപ്പായി. ഇതുവരെ 424 സ്ഥാനാർഥികളെ പ്രഖ്യാപിച്ച ബിജെപി, 22 ഇടത്തു കൂടി സ്ഥാനാർഥികളെ നിർത്തും. അതോടെ ആകെ 446 ആകും. പാർട്ടിയുടെ ഇതുവരെയുള്ള റെക്കോർഡ് 2019 ലാണ്– 436.
കോൺഗ്രസ് 278 സ്ഥാനാർഥികളെയാണു പ്രഖ്യാപിച്ചത്. യുപിയിൽ അമേഠി, റായ്ബറേലി എന്നിവയ്ക്കു പുറമേ ബിഹാർ, പഞ്ചാബ്, ആന്ധ്രപ്രദേശ്, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിലെ ഇരുപതോളം സീറ്റുകളിൽ കൂടി സ്ഥാനാർഥികളായാൽ പട്ടിക പൂർണമാകും. കോൺഗ്രസ് ഏറ്റവും കുറവ് സീറ്റുകളിൽ മത്സരിക്കുന്നത് ഇക്കുറിയാണ്; മുന്നൂറിനടുത്ത്.
ടിഡിപിക്ക് 17 സീറ്റ്
എൻഡിഎ സഖ്യത്തിൽ ബിജെപി ഇതര പാർട്ടികളിൽ ഏറ്റവുമധികം സീറ്റിൽ മത്സരിക്കുന്നത് ആന്ധ്രയിലെ ടിഡിപിയാണ്– 17. നിതീഷ് കുമാറിന്റെ ജെഡിയു (16), ഏക്നാഥ് ഷിൻഡെയുടെ ശിവസേന (13), തമിഴ്നാട്ടിൽ പാട്ടാളി മക്കൾ കക്ഷി (10), ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി (5), അജിത് പവാറിന്റെ എൻസിപി (5) എന്നിവ അഞ്ചോ അതിലേറെയോ സീറ്റുകളിൽ മത്സരിക്കുന്നു.
63 സീറ്റിൽ എസ്പി
ഇന്ത്യാസഖ്യത്തിൽ കോൺഗ്രസ് കഴിഞ്ഞാൽ കൂടുതൽ സ്ഥാനാർഥികളുള്ളത് സമാജ്‍വാദി പാർട്ടിക്കാണ്; യുപിയിൽ 63 സീറ്റ്. ഡിഎംകെ (22), ആർജെഡി, ഉദ്ധവ് താക്കറെയുടെ ശിവസേന (21 വീതം), എൻസിപി (10), ആം ആദ്മി പാർട്ടി (9), ജെഎംഎം (6) എന്നിവയാണ് അഞ്ചിലധികം സീറ്റുള്ള പാർട്ടികൾ.