വോട്ടിങ് യന്ത്രം: ‘കൃത്യമായ ഫലത്തിന് യന്ത്രം തന്നെ നല്ലത്’: നിലവിലെ രീതി തള്ളാതെ സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിനു മണിക്കൂറുകൾ ബാക്കി നിൽക്കെ, വോട്ടിങ് യന്ത്രം ഉപയോഗിക്കുന്നതിനോടു സുപ്രീം കോടതി യോജിച്ചു. മനുഷ്യ ഇടപെടലുള്ള തിരഞ്ഞെടുപ്പിനാണു പ്രശ്നങ്ങളെന്നു കോടതി വാക്കാൽ നിരീക്ഷിച്ചു. ‘മനുഷ്യ ഇടപെടലുണ്ടായാൽ തിരഞ്ഞെടുപ്പിൽ അവരുടെ ബലഹീനത കൂടി പ്രകടമാകാം. പക്ഷപാതവും സംഭവിക്കാം. യന്ത്രമെങ്കിൽ കൃത്യമായ ഫലം ലഭിക്കും’– ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് പറഞ്ഞു. ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തിയിരുന്ന വോട്ടെടുപ്പിൽ എന്താണു സംഭവിച്ചിരുന്നതു തങ്ങൾക്കും ബോധ്യമുണ്ടെന്നും അതൊന്നും മറന്നിട്ടില്ലെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന നിരീക്ഷിച്ചു.
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ) പൂർണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി. നാളെയും വാദം തുടരും. യന്ത്രം ഉപയോഗിച്ചു തിരഞ്ഞെടുപ്പു നടത്തിയിരുന്ന മിക്ക യൂറോപ്യൻ രാജ്യങ്ങളും തിരികെ ബാലറ്റിലേക്കു മടങ്ങിയെന്ന് ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനു വേണ്ടി പ്രശാന്ത് ഭൂഷൺ വാദിച്ചു. മറ്റു രാജ്യങ്ങളിലെ സ്ഥിതി വച്ചു ഇന്ത്യയിലെ വോട്ടെടുപ്പിനെ താരതമ്യപ്പെടുത്താൻ കഴിയില്ലെന്നു കോടതി പ്രതികരിച്ചു. ജർമനിയിൽ 6 കോടി വോട്ടർമാരുള്ളപ്പോൾ, ഇന്ത്യയിൽ 97 കോടി വോട്ടർമാരുണ്ടെന്നു കോടതി വ്യക്തമാക്കി.
മനുഷ്യ ഇടപെടൽ ഉണ്ടാകുമ്പോഴോ സോഫ്റ്റ്‌വെയറിലോ മെഷീനിലോ അനധികൃത മാറ്റങ്ങൾ വരുത്തുമ്പോഴോ ആണു ക്രമക്കേടിനു സാധ്യതയുള്ളത്. അവ ഒഴിവാക്കാൻ നിർദേശമുണ്ടെങ്കിൽ നൽകാനും കോടതി ഹർജിക്കാരോടു ആവശ്യപ്പെട്ടു. മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ആവശ്യമാണു ഹർജിക്കാർ പ്രധാനമായും ഉന്നയിക്കുന്നത്. ഫലത്തിൽ 60 കോടി വോട്ടുകൾ എണ്ണണമെന്നാണോ ആവശ്യമെന്നു കോടതി ചോദിച്ചു.
ശിക്ഷയെക്കുറിച്ച് ഭയം വേണം: കോടതി
വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാട്ടിയാൽ കർശന ശിക്ഷ നൽകാൻ വ്യവസ്ഥയില്ലെന്നു സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പു കമ്മിഷനോടു വിശദീകരണം തേടിയ കോടതി, ക്രിമിനൽ നടപടി ചട്ടപ്രകാരമുള്ള ശിക്ഷയില്ലാത്ത സ്ഥിതി ഗുരുതരമാണെന്നും ലഭിക്കാവുന്ന ശിക്ഷയെക്കുറിച്ചുള്ള ആശങ്ക അതു ചെയ്യാൻ തുനിയുന്നവർക്കുണ്ടാകണമെന്നും പറഞ്ഞു.
വിവിപാറ്റിൽ ഗ്ലാസ് സംവിധാനം വേണം: ഹർജിക്കാർ
നിലവിലെ സംവിധാനത്തെ പൂർണമായും സംരക്ഷിക്കുന്ന രീതിയാണ് വേണ്ടതെന്നു പ്രശാന്ത് ഭൂഷൺ വാദിച്ചു. ഒന്നുകിൽ പേപ്പർ ബാലറ്റുകളിലേക്കു മടങ്ങണം. അല്ലെങ്കിൽ വോട്ടർമാരുടെ കൈവശം വിവിപാറ്റ് സ്ലിപ് നൽകണം. അതുവഴി ആർക്കാണ് വോട്ട് ചെയ്തതെന്ന് ഉറപ്പിച്ചശേഷം തിരിച്ചു ബാലറ്റ് ബോക്സിൽ ഇടാനാകും. 2017 ൽ സുതാര്യമായ ഗ്ലാസോടെ വിവിപാറ്റ് മെഷീനുകൾ രൂപകൽപന ചെയ്തതാണ്. പിന്നീട് അകം കാണാൻ കഴിയാത്ത ഗ്ലാസിലേക്കു മാറി. സുതാര്യ ഗ്ലാസ് സംവിധാനമാണ് വേണ്ടത് –പ്രശാന്ത് ഭൂഷൺ പറഞ്ഞു.