കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളി, ബിഎസ്പി സ്ഥാനാർഥിയും 7 സ്വതന്ത്രരും പത്രിക പിൻവലിച്ചു; ബിജെപി എതിരില്ലാതെ ജയിച്ചു
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യാമുന്നണിയിലെ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളി വിവാദമുണ്ടായ ഗുജറാത്തിലെ സൂറത്ത് ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി മുകേഷ് ദലാൽ എതിരില്ലാതെ വിജയിച്ചു. ബിഎസ്പി സ്ഥാനാർഥിയും 7 സ്വതന്ത്രരും പത്രിക പിൻവലിക്കുക കൂടി ചെയ്തതോടെയാണ് തിരഞ്ഞെടുപ്പിനു മുൻപേ ബിജെപിക്ക് ആദ്യ സീറ്റു കിട്ടിയത്. ഗുജറാത്തിലെ മറ്റ് 25 സീറ്റുകളിലേക്ക് മേയ് 7നു തിരഞ്ഞെടുപ്പു നടക്കും. മുകേഷ് ദലാലിനെ വിജയിയായി റിട്ടേണിങ് ഓഫിസർ പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന ഘടകമാണ് ഇക്കാര്യം ആദ്യം അറിയിച്ചത്.
പത്രിക തള്ളിയതിനെതിരെ കോൺഗ്രസ് നിയമ നടപടികൾക്കൊരുങ്ങുന്നതിനിടയിലാണ് ബിഎസ്പിയുടെ പ്യാരേലാൽ ഭാരതിയും 7 സ്വതന്ത്രരും പത്രിക പിൻവലിക്കാനുള്ള അവസാന ദിനമായ ഇന്നലെ നാടകീയമായി പിന്മാറിയത്. ഇത് ബിജെപിയുടെ സമ്മർദരാഷ്ട്രീയം മൂലമാണെന്ന് കോൺഗ്രസും ആം ആദ്മി പാർട്ടിയും ആരോപിച്ചു. സൂറത്തിൽ കോൺഗ്രസ് സ്ഥാനാർഥിയുടെയും ഡമ്മി സ്ഥാനാർഥിയുടെയും നാമനിർദേശപത്രികകൾ തള്ളിയ നടപടിയിൽ ക്രമക്കേടുണ്ടെന്നും മറ്റൊരു തീയതി നിശ്ചയിച്ച് അവിടെ തിരഞ്ഞെടുപ്പ് നടത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
കോൺഗ്രസ് സ്ഥാനാർഥി നീലേഷ് കുംഭാനിയുടെ പത്രികയിൽ നാമനിർദേശം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്ത 3 പേർ തങ്ങളുടെ ഒപ്പല്ല എന്നു സത്യവാങ്മൂലം നൽകിയെന്ന് പോളിങ് ഓഫിസർ സൗരഭ് പർധി അറിയിച്ചിരുന്നു. നീലേഷിന്റെ സുഹൃത്തും സഹോദരി ഭർത്താവുമടക്കമുള്ളവരാണ് ഇവർ.
ബിജെപിയുടെ പരാതിയിലാണ് വിശദ പരിശോധന നടന്നത്. ബിജെപിയുടെ ഭീഷണിക്കു വഴങ്ങിയാണ് ഇവർക്ക് സത്യവാങ്മൂലം നൽകേണ്ടി വന്നതെന്ന് ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ ഇതാലിയയും പറഞ്ഞിരുന്നു. ഡമ്മിയായി പത്രിക നൽകിയ സുരേഷ് പദ്‌ലസയുടെ പത്രികയും സമാന കാരണം ചൂണ്ടിക്കാണിച്ചു തള്ളി. തങ്ങളുടെ മുൻപിൽ വച്ചാണ് പത്രികയിൽ ഒപ്പിട്ടതെന്ന് കോൺഗ്രസ് സ്ഥാനാർഥി വിശദീകരിച്ചെങ്കിലും തൃപ്തികരമല്ലെന്നായിരുന്നു റിട്ടേണിങ് ഓഫിസറുടെ തീരുമാനം.
ആം ആദ്മി പാർട്ടിയും കോൺഗ്രസും ചേർന്നാണ് ഇത്തവണ ഗുജറാത്തിൽ മത്സരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ആം ആദ്മി പാർട്ടി വലിയ മുന്നേറ്റമുണ്ടാക്കിയ മണ്ഡലമാണ് സൂറത്ത്. മുനിസിപ്പാലിറ്റിയിൽ 27 സീറ്റു നേടി മുഖ്യ പ്രതിപക്ഷമായിരുന്നു.
ജിഎസ്ടിയുടെ പേരിൽ സൂറത്തിലെ വ്യവസായ മേഖലയിൽ ബിജെപിക്കെതിരെ രോഷമുണ്ടായിരുന്നുവെന്നും അതു തിരിച്ചറിഞ്ഞാണ് കുതന്ത്രത്തിലൂടെ ജയം ഒപ്പിച്ചെടുത്തതെന്നും ആം ആദ്മി പാർട്ടി ആരോപിച്ചു. ഹൈക്കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് അഭിഭാഷകൻ അറിയിച്ചു. 2019 ൽ ഗുജറാത്തിലെ 26 സീറ്റുകളിലും ബിജെപി ജയിച്ചിരുന്നു.
വഴി ഇങ്ങനെ
∙ കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളി
കാരണം: പിന്തുണച്ച 3 പേർ പത്രികയിലുള്ളത് തങ്ങളുടെ ഒപ്പല്ല എന്നു സത്യവാങ്മൂലം നൽകി
∙ കോൺഗ്രസ് ഡമ്മി സ്ഥാനാർഥിയുടെ പത്രിക തള്ളി
കാരണം: പിന്തുണച്ചവർ പത്രികയിലുള്ളത് തങ്ങളുടെ ഒപ്പല്ല എന്നു സത്യവാങ്മൂലം നൽകി
∙ ബിഎസ്പി സ്ഥാനാർഥി പത്രിക പിൻവലിച്ചു
∙ 7 സ്വതന്ത്രർ പത്രിക പിൻവലിച്ചു