പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന രാജ്യദ്രോഹത്തിന് തുല്യം: കോടതി
Mail This Article
ന്യൂഡൽഹി ∙ പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുന്നതു പ്രഥമദൃഷ്ട്യാ രാജ്യദ്രോഹത്തിനു തുല്യമാണെന്നും ഇത്തരം ആരോപണം ഒരു വ്യക്തിക്കെതിരെയും അനാവശ്യമായി പ്രയോഗിക്കാൻ പാടില്ലെന്നും ഡൽഹി ഹൈക്കോടതി പരാമർശിച്ചു. അഭിഭാഷകൻ ജയ് ആനന്ദ് ദെഹദ്റായിക്കെതിരെ ബിജെഡി എംപിയും മുതിർന്ന അഭിഭാഷകനുമായ പിനാകി മിശ്ര നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ജസ്മീത് സിങ് ഇക്കാര്യം പരാമർശിച്ചത്.
ജയ് ആനന്ദ് തനിക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർത്തുന്നുവെന്നും ‘ഒഡിയ ബാബു’ എന്നു സമൂഹമാധ്യമങ്ങളിൽ പരാമർശിക്കുന്നുവെന്നുമാണു പിനാകി മിശ്രയുടെ ആരോപണം. പ്രധാനമന്ത്രിക്കെതിരെ നടന്ന വലിയൊരു ഗൂഢാലോചനയുടെ പിന്നിൽ മിശ്രയാണെന്ന തരത്തിലാണു ആക്ഷേപമുയർത്തിയതെന്നും തുടർ പരാമർശങ്ങൾ വിലക്കണമെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
മിശ്രയും ഹിരാനന്ദാനിയും മഹുവ മൊയ്ത്രയും തമ്മിലുള്ള സംഭാഷണം താൻ കേട്ടെന്നും പ്രധാനമന്ത്രിക്കെതിരെയുള്ള ഗൂഢാലോചനയാണ് ഇവർ നടത്തിയതെന്നും ദെഹദ്‌റായി കോടതിയിൽ പറഞ്ഞപ്പോഴാണു കോടതിയുടെ നിരീക്ഷണം. വിഷയം അടുത്ത ദിവസം വീണ്ടും പരിഗണിക്കും.