ADVERTISEMENT

ന്യൂഡൽഹി ∙ വോട്ടിങ് യന്ത്രങ്ങളെക്കുറിച്ചു സംശയം ഉയർന്നെന്നപേരിൽ തിരഞ്ഞെടുപ്പുനടപടികൾ നിയന്ത്രിക്കാനോ നിർദേശങ്ങൾ നൽകാനോ സാധിക്കില്ലെന്നു സുപ്രീം കോടതി പറഞ്ഞു. വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ) പൂർണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ വിധി പറയാൻ മാറ്റിയാണു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

വോട്ടിങ് യന്ത്രത്തിന്റെ മികവിനെക്കുറിച്ചു സംശയിക്കുന്നവരുടെയും ബാലറ്റ് പേപ്പറിലേക്കു മടങ്ങണമെന്നു വാദിക്കുന്നവരുടെയും ചിന്ത മാറ്റാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ഇന്നലെ രാവിലെ വിഷയം പരിഗണിച്ചപ്പോൾ വോട്ടിങ് മെഷീന്റെയും വിവിപാറ്റിന്റെയും പ്രവർത്തനവുമായി ബന്ധപ്പെട്ട സാങ്കേതിക സംശയങ്ങൾ ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദിപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ഉയർത്തിയിരുന്നു.

മൈക്രോ കൺട്രോളർ എവിടെയാണു ഘടിപ്പിക്കുന്നത്, ഒന്നിലേറെ തവണ പ്രോഗ്രാം ചെയ്യാൻ സാധിക്കുമോ, തിരഞ്ഞെടുപ്പിനുശേഷം എത്ര ദിവസം വരെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചുവയ്ക്കാറുണ്ട് തുടങ്ങിയ ചോദ്യങ്ങളാണു കോടതി ഉയർത്തിയത്. ഉച്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോൾ തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തി. 

ഇതിനുശേഷവും ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിനു വേണ്ടി പ്രശാന്ത് ഭൂഷൺ സംശയങ്ങൾ ഉയർത്തി. പിന്നാലെയാണു വോട്ടിങ് മെഷീൻ ഹാക്ക് ചെയ്തു കൃത്രിമം നടത്താനാവുമെന്ന ആരോപണത്തിനു തെളിവില്ലെന്നു ജസ്റ്റിസ് ദീപാങ്കർ ദത്ത പരാമർശിച്ചത്. ഇതുവരെ വോട്ടിങ് മെഷീൻ ഹാക്ക് ചെയ്തതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അവിശ്വാസമോ സംശയമോ ഉണ്ടെന്നു കരുതി ഉത്തരവിടാൻ കഴിയുമോ എന്നും കോടതി ചോദിച്ചു. ഒരു ഭരണഘടനാ സ്ഥാപനം നടത്തുന്ന തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്കു കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 5 % വിവിപാറ്റുകൾ ഇപ്പോൾത്തന്നെ ഒത്തുനോക്കുന്നുണ്ട്. പൊരുത്തക്കേടുണ്ടെങ്കിൽ സ്ഥാനാർഥികൾ പറയട്ടെയെന്നും കോടതി പറഞ്ഞു.

വോട്ടിങ് യന്ത്രത്തിൽ നിർമാണസമയത്തു മാത്രമേ സോഫ്റ്റ്‌വെയർ പ്രോഗ്രാം നടത്താൻ കഴിയുവെന്നാണു തിരഞ്ഞെടുപ്പു കമ്മിഷൻ ഉദ്യോഗസ്ഥർ വിശദീകരിച്ചത്. വോട്ടിങ്ങിനു ശേഷം ബാലറ്റ് യൂണിറ്റിനും കൺട്രോൾ യൂണിറ്റിനുമൊപ്പം വിവിപാറ്റ് മെഷീനും മുദ്ര ചെയ്തു സൂക്ഷിക്കാറുണ്ട്.

വോട്ടെണ്ണൽ കഴിഞ്ഞ് 45 ദിവസം കഴിഞ്ഞാൽ തിരഞ്ഞെടുപ്പ് കേസുകൾ ഇല്ലെന്ന് അതതു ഹൈക്കോടതികളിൽനിന്ന് ഉറപ്പുകിട്ടിയാലേ മെഷീനിലെ വിവരങ്ങൾ നീക്കം ചെയ്യാറുള്ളുവെന്നും കേസുകളുണ്ടെങ്കിൽ അവ സൂക്ഷിക്കുമെന്നും കമ്മിഷൻ അറിയിച്ചു. 18നു വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയെന്നാണു കോടതി നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, കൂടുതൽ സംശയനിവാരണത്തിനായി വിഷയം ഇന്നലെയും പരിഗണിക്കുകയായിരുന്നു.

English Summary:

VVPAT case: Supreme Court says election cannot be interfered because of suspicion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com