മുള്ളൻപന്നിയെ വേട്ടയാടി, കഴുത്തിൽ മുള്ളുകൾ തറച്ചു; കടുവ ചത്തത് ഭക്ഷണം കഴിക്കാനാവാതെ
Mail This Article
നാഗർകോവിൽ ∙ മുള്ളൻപന്നിയെ പിടിക്കുന്നതിനിടെ മുഖത്തും കഴുത്തിലും ആഴത്തിൽ മുള്ളുകൾ തറച്ചതിനെ തുടർന്നു മുറിവേറ്റതും ഭക്ഷണം കഴിക്കാനാവാതെ വന്നതുമാണ് പേച്ചിപ്പാറയ്ക്ക് സമീപം കുലശേഖരത്ത് പെൺകടുവ ചത്തതിനു കാരണമെന്ന് വനംവകുപ്പ്. ഒരാഴ്ചയെങ്കിലും മുൻപാണ് കടുവയ്ക്ക് പരുക്കേറ്റതെന്നു കരുതുന്നു. അത്രയും ദിവസമായി ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ കഴിഞ്ഞിട്ടില്ലെന്നാണു പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ.
കന്യാകുമാരി കുലശേഖരം പേച്ചിപ്പാറ തിരുനന്ദിക്കര കാക്കച്ചൽ ശാസ്താ ക്ഷേത്രത്തിനു സമീപത്തെ റബർ തോട്ടത്തിലാണ് കടുവയെ ചത്ത നിലയിൽ കണ്ടത്. ആണ്ടിപ്പൊറ്റ സ്വദേശി ജയൻ(28), ടാപ്പിങ് തൊഴിലാളി ഭൂതലിംഗം (61)എന്നിവർക്ക് കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ഇരുവരും തക്കല സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരെ ആക്രമിച്ച ശേഷം കടന്ന കടുവയെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു.