ഇറാൻ പിടിച്ച കപ്പലിലെ ജീവനക്കാരെ ഉടൻ വിട്ടയച്ചേക്കും
Mail This Article
ടെഹ്റാൻ ∙ ഈ മാസം 13ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലെ ഇന്ത്യക്കാരായ 17 ജീവനക്കാരെ കാണാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ അനുവദിച്ചു. പോർച്ചുഗലിൽനിന്ന് യാത്ര ആരംഭിച്ച എംഎസ്‍സി ഏരീസ് എന്ന കപ്പൽ ഉടമകളുടെ ഇസ്രയേൽ ബന്ധം ആരോപിച്ചാണ് ഇറാൻ സൈന്യം പിടിച്ചെടുത്തത്. കപ്പൽ ജീവനക്കാരിലെ ഏക വനിതയായിരുന്ന മലയാളി ആൻ ടെസ ജോസഫിനെ 18ന് മോചിപ്പിച്ചിരുന്നു.
ശേഷിക്കുന്നവരിൽ മാനന്തവാടി സ്വദേശി പി.വി.ധനേഷ് (32), കോഴിക്കോട് മാവൂർ സ്വദേശി ശ്യാം നാഥ് ((31), പാലക്കാട് കേരളശേരി സ്വദേശി എസ്.സുമേഷ് (31) എന്നിവരുമുണ്ട്. പോർച്ചുഗലിലെ പുതിയ വിദേശകാര്യമന്ത്രി പൗളോ റാംഗൽ ഇറാന്റെ വിദേശകാര്യമന്ത്രി ഹുസൈൻ അമീർഅബ്ദുല്ലയിനുമായി നടത്തിയ സംഭാഷണത്തിനു ശേഷമാണ് കപ്പലിലെ ജീവനക്കാരെ കാണാൻ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരെ അനുവദിച്ചത്. ജീവനക്കാരെ ഉടൻ വിട്ടയച്ചേക്കുമെന്ന സൂചനയുണ്ട്.
"വാർത്ത ഏറെ സന്തോഷം നൽകുന്നു. നാട്ടിലെത്തിയ ശേഷം മലയാളികളായ മറ്റു 3 പേരുമായും വാട്‌സാപ്പിലൂടെ ബന്ധപ്പെടുമായിരുന്നു. സുരക്ഷിതരാണെന്ന് അവർ പറഞ്ഞിരുന്നു. ഞങ്ങളുടെ മോചനത്തിനു വേണ്ടി പ്രവർത്തിച്ച ഒരുപാടു പേരോട് നന്ദി." - ആൻ ടെസ ജോസഫ്