മണിപ്പുർ ആക്രമണം: പിന്നിൽ കുക്കികളെന്ന് പൊലീസ്; മെയ്തെയ്കളെന്ന് കുക്കികൾ
Mail This Article
കൊൽക്കത്ത ∙ മണിപ്പുരിലെ ബോംബ് ആക്രമണത്തിനു പിന്നിൽ കുക്കി ഭീകരരാണെന്ന് മണിപ്പുർ പൊലീസ് പറഞ്ഞു. എന്നാൽ, മെയ്തെയ് ഭീകരസംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്നു കുക്കി സംഘടനകൾ ആരോപിച്ചു. പ്രദേശത്ത് കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. സമീപ ഗ്രാമങ്ങളിൽ കേന്ദ്രസേനയും മണിപ്പുർ കമാൻഡോകളും തിരച്ചിൽ ആരംഭിച്ചു. കുക്കി ഉപവിഭാഗമായ കോം വംശജരുടെ ഗ്രാമങ്ങളാണ് ഇവിടെയുള്ളത്. ബോക്സിങ് ഇതിഹാസം മേരി കോമിന്റെ കുടുംബവീടും ഇവിടെയാണ്.
കാങ്പോക്പി- ഇംഫാൽ ഈസ്റ്റ് അതിർത്തിയിലെ സിനാം കോമിൽ മെയ്തെയ്- കുക്കി സംഘർഷത്തിലാണ് മെയ്തെയ് ഗ്രാമ സംരക്ഷണ സേനാംഗമായ ലെയ്ഷ്റാം പ്രേം വെടിയേറ്റു മരിച്ചത്. പ്രദേശത്ത് വെടിവയ്പു തുടരുകയാണ്. കൂടുതൽ പേർ കൊല്ലപ്പെട്ടതായി സംശയിക്കുന്നു. ഇംഫാൽ വെസ്റ്റിൽ കുക്കി വംശജനായ ഒരാളെ കൊലപ്പെടുത്തിയെന്നു സൂചിപ്പിച്ച് തീവ്ര മെയ്തെയ് ഗ്രൂപ്പായ ആരംഭായ് തെംഗോലിന്റെ കമാൻഡർ കൊറൗൻഗാൻബ ഖുമാൻ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടു.
തിരഞ്ഞെടുപ്പു പ്രഖ്യാപന ശേഷം ഒരു മാസത്തോളം മണിപ്പുരിൽ കലാപങ്ങൾ ഇല്ലായിരുന്നു. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് വീണ്ടും വെടിവയ്പ് ആരംഭിച്ചത്. കഴിഞ്ഞ മേയ് 3ന് ആരംഭിച്ച വംശീയകലാപം ഒരു വർഷം പൂർത്തിയാക്കുകയാണ്. 230ൽ അധികം പേർ കൊല്ലപ്പെട്ട കലാപത്തിൽ അര ലക്ഷത്തിലധികം പേർ ഭവനരഹിതരായി. നൂറുകണക്കിന് ക്രിസ്ത്യൻ ദേവാലയങ്ങളും തകർക്കപ്പെട്ടു.