കോൺഗ്രസ് പോപ്പുലർ ഫ്രണ്ടിന്റെ സഹായം തേടിയെന്ന് മോദി
Mail This Article
ബെംഗളൂരു ∙ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ജയം ഉറപ്പിക്കാൻ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സഹായം കോൺഗ്രസ് തേടിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ബെളഗാവിയിൽ ബിജെപി പ്രചാരണറാലിയിലാണു വിദ്വേഷ പ്രസംഗങ്ങളുടെ തുടർച്ചയായി മോദിയുടെ പരാമർശങ്ങൾ.
ആയിരക്കണക്കിനു ക്ഷേത്രങ്ങൾ തകർത്ത മുഗൾ ഭരണാധികാരി ഔറംഗസേബിനെ മഹത്വവൽക്കരിക്കുന്ന പാർട്ടികളുമായി കോൺഗ്രസ് സഖ്യം ചേരുന്നു. ഛത്രപതി ശിവാജി, കിത്തൂർ റാണി ചെന്നമ്മ തുടങ്ങിയവരെ അപമാനിക്കുന്ന രാഹുൽ, ബാദുഷമാരും നിസാമുമാരും സുൽത്താന്മാരും ചെയ്ത ക്രൂരതകളെക്കുറിച്ചു നിശ്ശബ്ദനാണെന്നും മോദി ആരോപിച്ചു.
‘നാം അഭിമാനത്തോടെ കാണുന്ന മൈസൂരു വൊഡയാർ രാജകുടുംബത്തിന്റെ സംഭാവനകളെക്കുറിച്ച് അദ്ദേഹത്തിന് അറിയില്ലേ?’ പ്രത്യേക വോട്ടുബാങ്കുകളെ പ്രീണിപ്പിക്കാനായി കരുതിക്കൂട്ടിയാണ് രാജാക്കന്മാർ ജനത്തെ കൊള്ളയടിച്ചെന്നാണു രാഹുൽ പറയുന്നതെന്നും ആരോപിച്ചു. ഹുബ്ബള്ളിയിൽ കോളജ് വിദ്യാർഥിനി നേഹ ഹിരേമഠിനെ ക്യാംപസിൽ കുത്തിക്കൊന്ന സംഭവം കോൺഗ്രസ് ഭരിക്കുന്ന കർണാടകയിലെ ക്രമസമാധാന വീഴ്ചയുടെ ഉദാഹരണമാണ്. ചില പ്രത്യേക വിഭാഗങ്ങളെ പ്രീതിപ്പെടുത്തുന്നതിനാണു സിദ്ധരാമയ്യ സർക്കാർ ശ്രദ്ധ ചെലുത്തുന്നതെന്നും മോദി ആരോപിച്ചു.
‘മോദിക്ക് ദുഷ്ടലാക്ക്, പരാജയഭീതി’
ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി പറയുന്നതെന്തും മോദി ദുഷ്ടലാക്കോടെ വളച്ചൊടിക്കുകയാണെന്നും സാമുദായിക വികാരങ്ങൾ ആളിക്കത്തിക്കുകയാണു ലക്ഷ്യമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. രണ്ടാം ഘട്ട വോട്ടെടുപ്പും കഴിഞ്ഞതോടെയുള്ള പരാജയഭീതിയാണു കാരണം.
സംവരണത്തെ ദുർബലപ്പെടുത്തില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അവകാശവാദത്തെയും അദ്ദേഹം ചോദ്യം ചെയ്തു. ‘‘സ്വകാര്യവൽകരണത്തെ സംവരണം അട്ടിമറിക്കാനുള്ള ആയുധമായി സർക്കാർ ഉപയോഗിക്കുകയാണ്. വിമാനത്താവളങ്ങൾ ഇഷ്ടക്കാർക്കു കൈമാറിയപ്പോഴും എയർ ഇന്ത്യ വിറ്റപ്പോഴും സംവരണം അവസാനിച്ചില്ലേ ?’’ –അദ്ദേഹം ചോദിച്ചു.