കേജ്‍രിവാളിന്റെ അറസ്റ്റ്: വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനം, നിഷേധിക്കാനാവില്ല: സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ വ്യക്തിസ്വാതന്ത്ര്യം പരമപ്രധാനമാണെന്നും അതു നിഷേധിക്കാൻ ആർക്കുമാകില്ലെന്ന് ഓർമപ്പെടുത്തിയ സുപ്രീം കോടതി, ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടു നിർദേശിച്ചു.
-
Also Read
സിസോദിയയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
കേജ്‍രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് 5 ചോദ്യങ്ങൾ കോടതി ഉന്നയിച്ചു. അടുത്ത ദിവസം വാദം കേൾക്കുമ്പോൾ, ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ ഇ.ഡിയുടെ അഭിഭാഷകനായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജുവിനോടു നിർദേശിച്ചു. 3ന് വാദം തുടരും.
കേജ്‍രിവാളിനു വേണ്ടി ഹാജരായ അഭിഷേക് മനു സിങ്‌വി ഇന്നലെ വാദം പൂർത്തിയാക്കി. തുടർന്നാണ് ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് ഇ.ഡിയോടു ചോദ്യങ്ങൾ ഉന്നയിച്ചത്. കേസിൽ കേജ്‍രിവാൾ എങ്ങനെ ബന്ധപ്പെടുന്നു, മനീഷ് സിസോദിയയുമായി ബന്ധപ്പെട്ട കേസിൽ 2 ഭാഗമുണ്ട്. ഒന്ന് അനുകൂലവും മറ്റൊന്ന് പ്രതികൂലവുമാണ്. അതിൽ ഏതാണ് കേജ്‍രിവാളുമായി ബന്ധപ്പെടുന്നത്.
ഹർജിയിൽ ഇ.ഡിയുടെ അറസ്റ്റിനെയാണ് കേജ്‍രിവാൾ ചോദ്യം ചെയ്യുന്നത്. കൈവശമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യാൻ ഇ.ഡിക്ക് അനുമതി നൽകുന്ന പിഎംഎൽഎ നിയമത്തിലെ 19–ാം വകുപ്പിനെ ഇതുമായി ബന്ധപ്പെടുത്തി എങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത്, കേസിലെ മൊഴി, അറസ്റ്റ് എന്നിവയ്ക്കിടയിലെ സമയ വ്യത്യാസം എന്നിവയെക്കുറിച്ചു വിശദീകരിക്കാനും കോടതി ആവശ്യപ്പെട്ടു.