നാവികസേനാ മേധാവി അഡ്മിറൽ ഹരികുമാർ പടിയിറങ്ങി
Mail This Article
ന്യൂഡൽഹി ∙ നാവികസേനയുടെ തലപ്പത്തുനിന്ന് മലയാളിയായ അഡ്മിറൽ ആർ.ഹരികുമാർ പടിയിറങ്ങി. പുതിയ മേധാവിയായി അഡ്മിറൽ ദിനേഷ് കെ.ത്രിപാഠി ചുമതലയേറ്റു. സേനാ ആസ്ഥാനത്തു നടന്ന ചടങ്ങിൽ അമ്മയുടെ കാൽതൊട്ടു വന്ദിച്ചാണ് നാവികസേനയുടെ സാരഥ്യം അദ്ദേഹം ഏറ്റെടുത്തത്. സാങ്കേതികവിദ്യയിലടക്കം സ്വയംപര്യാപ്തത കൈവരിക്കാനുള്ള സേനയുടെ ശ്രമങ്ങൾക്കു ശക്തി പകരുമെന്ന് ത്രിപാഠി പറഞ്ഞു.
1985 ജൂലൈ ഒന്നിനു സേനയിൽ ചേർന്ന ത്രിപാഠി മധ്യപ്രദേശിലെ റേവയിലുള്ള സൈനിക് സ്കൂൾ, പുണെ നാഷനൽ ഡിഫൻസ് അക്കാദമി, വെല്ലിങ്ടൻ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ്, യുഎസിലെ നേവൽ കമാൻഡ് കോളജ് എന്നിവിടങ്ങളിലായാണു പഠനം പൂർത്തിയാക്കിയത്. പടക്കപ്പലുകളായ ത്രിശൂൽ, വിനാശ്, കിർച്ച് എന്നിവയുടെ കമാൻഡിങ് ഓഫിസറായിരുന്നു. മുംബൈ ആസ്ഥാനമായ പടിഞ്ഞാറൻ നാവിക കമാൻഡിൽ ഫ്ലാഗ് ഓഫിസർ കമാൻഡിങ്, നേവൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എന്നീ പദവികളും വഹിച്ചു.
നാവികസേനയെ രണ്ടര വർഷം നയിച്ച ശേഷമാണ് അഡ്മിറൽ ആർ.ഹരികുമാർ പടിയിറങ്ങിയത്. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം 2021 നവംബർ 30നാണ് സേനാമേധാവിയായത്. ഇന്ത്യൻ സമുദ്രമേഖലയിൽ ചൈന കടന്നുകയറ്റനീക്കങ്ങൾ ഊർജിതമാക്കിയ വേളയിലാണു സേനയുടെ തലപ്പത്തു ഹരികുമാർ എത്തിയത്. ചൈനയുടെ നീക്കങ്ങളെ പ്രതിരോധിച്ച് ഇന്ത്യയുടെ സമുദ്രമേഖല സുരക്ഷിതമായി കാക്കാൻ അദ്ദേഹത്തിനു സാധിച്ചു. കടൽക്കൊള്ളക്കാരെ നേരിടാൻ സേന നടത്തിയ കരുത്തുറ്റ നടപടികൾക്കും ചുക്കാൻ പിടിച്ചു. കൊച്ചി കപ്പൽശാലയിൽ നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് സേനയുടെ ഭാഗമായപ്പോഴും തലപ്പത്തു ഹരികുമാറായിരുന്നു. അഗ്നിപഥ് പദ്ധതി നാവികസേനയിൽ കാര്യക്ഷമമായി നടപ്പാക്കാനും നേതൃത്വം വഹിച്ചു.