ADVERTISEMENT

∙ ഗനി ഖാൻ ചൗധരിയുടെ തട്ടകത്തിൽനിന്നു കോൺഗ്രസിനെ ഉന്മൂലനം ചെയ്യാൻ മാൾഡയിൽ ക്യാംപ് ചെയ്ത് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ വാശിയേറിയ പ്രചാരണം. മാൾഡയിൽ താമസിക്കുന്ന ഹോട്ടലിൽ താൽക്കാലിക ഹെലിപാഡ് ഒരുക്കി മാൾഡ, മുർഷിദാബാദ് ജില്ലകളിലെ മുക്കിലും മൂലയിലും പറന്നെത്തി കോൺഗ്രസിനെയും സിപിഎമ്മിനെയും വിറപ്പിക്കുകയാണ് മമത. 8 തവണ എംപിയും റെയിൽവേ മന്ത്രിയുമായിരുന്ന ഗനി ഖാൻ ചൗധരിയുടെ കാലംതൊട്ടു കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളാണ് മാൾഡയും മുർഷിദാബാദും. ജനസംഖ്യയുടെ പകുതിയിലേറെ ന്യൂനപക്ഷങ്ങളുള്ള ഈ ജില്ലകളിലാണ് കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രതീക്ഷ. അതു തകർത്ത് ന്യൂനപക്ഷ വോട്ടുകളുടെ ഒഴുക്ക് തടയുകയാണ് മമതയുടെ ലക്ഷ്യം.

തിരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തിലേക്ക് അടുക്കുമ്പോൾ കോൺഗ്രസിനും സിപിഎമ്മിനും നേരെ രൂക്ഷവിമർശനമാണ് മമത നടത്തുന്നത്. കോൺഗ്രസിന് വോട്ടു ചെയ്യുന്നത് ബിജെപിക്കു വോട്ടുചെയ്യുന്നതിനു സമമാണെന്നും കോൺഗ്രസ് സിപിഎമ്മിന്റെ ദൂഷിതവലയത്തിലാണെന്നും അവർ പറഞ്ഞു. ‘‘ബർക്കത്ദയുടെ കാലത്ത് (ഗനിഖാൻ ചൗധരിയെ ആളുകൾ സ്നേഹത്തോടെ വിളിക്കുന്ന പേര്) കോൺഗ്രസിനു വോട്ടുചെയ്യുന്നതിൽ അർഥമുണ്ടായിരുന്നു. ഇന്നു ബിജെപിയെ തോൽപിക്കണമെങ്കിൽ തൃണമൂൽ കോൺഗ്രസിന് വോട്ടുചെയ്യണം’’–  മാൾഡ നഗരത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത റോഡ് ഷോയ്ക്കു മുൻപായി മമത പറഞ്ഞു. 

മാൾഡ സൗത്ത്, നോർത്ത് മണ്ഡലങ്ങളിലും മുർഷിദാബാദിലും ഏഴിനാണു വോട്ടെടുപ്പ്. മുർഷിദാബാദ് ജില്ലയിലെ മറ്റൊരു മണ്ഡലമായ ബഹാരംപുരിൽ 13നും. മാൾഡ സൗത്തിൽ ഗനിഖാൻ ചൗധരിയുടെ അനന്തരവൻ ഇഷാ ഖാൻ ചൗധരിയും നോർത്തിൽ മുൻ എംഎൽഎ മുഷ്താഖ് ആലമുമാണ് കോൺഗ്രസ് സ്ഥാനാർഥികൾ. ലോക്സഭയിലെ കോൺഗ്രസ് സഭാകക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ബഹാരംപുരിൽ തുടർച്ചയായി ആറാം ജയത്തിനായി മൽസരിക്കുന്നത്. മുർഷിദാബാദിൽ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിമും. 

കോൺഗ്രസും സിപിഎമ്മും തോളോടുതോൾ ചേർന്നു നടത്തുന്ന പ്രചാരണം മൂലം ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെടുമെന്നു തൃണമൂൽ ഭയക്കുന്നു. ഭൂരിപക്ഷ വോട്ടുകൾ ഏകീകരിക്കാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രചാരണത്തിനെത്തിയതോടെ ബംഗാളിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പു പോരാട്ടത്തിന് അരങ്ങൊരുങ്ങുകയാണ്. നോക്കെത്താദൂരത്തോളം മാമ്പഴത്തോട്ടങ്ങളുള്ള മാൾഡയിൽ ആരു മധുരം രുചിക്കുമെന്നു കണ്ടറിയണം.

English Summary:

Mamata Banerjee to break the Congress-CPM alliance in Malda and Murshidabad districts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com