എന്തിനാണീ സമരം, അവർക്കറിയില്ല; ചർച്ചയായിത്തീർന്ന കോൺഗ്രസ് വിരുദ്ധ സമരത്തിൽ മാപ്പു പറഞ്ഞ് വിദ്യാർഥി
Mail This Article
ന്യൂഡൽഹി ∙ കോൺഗ്രസ് ആസ്ഥാനത്തിനു മുന്നിൽ കഴിഞ്ഞദിവസം പ്രതിഷേധിച്ച നോയിഡ ഗൽഗോട്ടിയാസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ് ഇപ്പോൾ രാഷ്ട്രീയ ലോകത്തെയും സമൂഹമാധ്യമങ്ങളിലെയും പ്രധാന ചർച്ചാവിഷയം. വിദ്യാർഥികൾക്കു പ്രതിഷേധത്തിന്റെ കാരണം അറിയില്ലെന്നു വ്യക്തമാക്കുന്ന വിഡിയോ ദൃശ്യങ്ങൾ ഏറെ ചർച്ചയായി. കോൺഗ്രസിനെതിരെ പ്രതിഷേധം നടത്തിയാൽ ഇന്റേണൽ മാർക്ക് ലഭിക്കുമെന്നു വാഗ്ദാനം ലഭിച്ചതായി ഒരു വിദ്യാർഥി വെളിപ്പെടുത്തിയതും വിവാദമായി.
കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾക്കെതിരെയാണു വിദ്യാർഥികൾ സമരത്തിനെത്തിയത്. എന്നാൽ, മാധ്യമപ്രവർത്തകർ വിദ്യാർഥികളോട് ഇക്കാര്യങ്ങൾ ആരാഞ്ഞപ്പോൾ ഉത്തരം നൽകാനാവാതെ അവർ വലഞ്ഞു. ‘അർബൻ നക്സൽ’ തുടങ്ങിയ മുദ്രാവാക്യങ്ങളെക്കുറിച്ചും വിശദീകരിക്കാൻ സാധിച്ചില്ല. ഒരു ദേശീയ മാധ്യമം പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിനു പിന്നാലെ ഗൽഗോട്ടിയാസിൽനിന്നാണെന്ന് അറിയിച്ച് ലക്ഷ്മി ശർമ എന്ന വിദ്യാർഥി സമൂഹമാധ്യമമായ ‘എക്സി’ൽ ക്ഷമാപണവുമായെത്തി. വ്യാജപ്രചാരണമാണെന്ന് അറിയാതെയാണ് സമരത്തിൽ പങ്കെടുത്തതെന്നായിരുന്നു ലക്ഷ്മിയുടെ വിശദീകരണം. കങ്കണ റനൗട്ടിനെ കാണാനുള്ള അവസരം ലഭിക്കുമെന്നും ഇന്റേണൽ മാർക്ക് മുഴുവൻ ലഭിക്കുമെന്നും കോളജ് അധികൃതർ അറിയിച്ചിരുന്നുവെന്നും ലക്ഷ്മി ആരോപിച്ചു.
‘യൂണിവേഴ്സിറ്റി മാനേജ്മെന്റാണു ഞങ്ങളെ സമരത്തിൽ പങ്കെടുക്കാൻ നിർബന്ധിച്ചത്. പ്ലക്കാർഡുകളും അവരാണു നൽകിയത്.’– വിദ്യാർഥി പറയുന്നു. സ്ഥാപനത്തിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. അതേസമയം, സ്ഥാപനമോ യുജിസിയോ പ്രതികരിച്ചിട്ടില്ല.