മണിപ്പുർ കലാപം: ഹർത്താലും പ്രാർഥനയുമായി ഒന്നാം വാർഷികം
Mail This Article
കൊൽക്കത്ത ∙ മണിപ്പുർ കലാപത്തിന്റെ ഒന്നാം വാർഷികദിനത്തിൽ കുക്കി ഗോത്രമേഖലയിൽ ഹർത്താൽ ആചരിച്ചു. കലാപത്തിൽ കൊല്ലപ്പെട്ടവർക്കായി പ്രത്യേക പ്രാർഥനകളും ചുരാചന്ദ്പുർ, കാങ്പോക്പി, തെഗ്നോപാൽ ജില്ലകളിൽ നടന്നു. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലും രക്തസാക്ഷിത്വ ദിനാചരണം നടന്നു. മെയ്തെയ് മേഖലകളിലും പ്രാർഥനകൾ നടന്നു. കൊല്ലപ്പെട്ട മെയ്തെയ് വംശജർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് 7 സ്ത്രീകൾ തല മുണ്ഡനം ചെയ്ത് ചരിത്രപ്രധാനമായ കാംഗല കോട്ടയിലേക്ക് സൈക്കിൾ റാലി നടത്തി.
മെയ്തെയ് സംഘടനയായ കൊകോമി ഉൾപ്പെടെയുള്ളവർ യോഗങ്ങൾ ചേർന്നു. കഴിഞ്ഞ വർഷം മേയ് 3 നാണ് മണിപ്പുർ കലാപം ആരംഭിച്ചത്. 230ൽ അധികം പേർ കൊല്ലപ്പെടുകയും അര ലക്ഷത്തിലധികം പേർക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു. നൂറുകണക്കിന് ക്രിസ്തീയ ദേവാലയങ്ങളാണ് കലാപത്തിൽ തകർക്കപ്പെട്ടത്. കലാപത്തിന്റെ ഒന്നാം വാർഷികത്തിൽ സംഘർഷസാധ്യത തടയാൻ ബഫർ സോണുകളിൽ സേനാവിന്യാസം നടത്തിയിരുന്നു.