‘മാനേജർ’ ശർമ ഇനി സ്ഥാനാർഥി ശർമ; അത്ര ‘ചെറിയ പ്രവർത്തകൻ’ അല്ല കിഷോരി ലാൽ ശർമ
Mail This Article
ന്യൂഡൽഹി ∙ കോൺഗ്രസ് പാർട്ടിയുടെ ഘടനയിൽ മാനേജർ എന്നൊരു പദവിയില്ല. എന്നാൽ, ഗാന്ധി–നെഹ്റു കുടുംബം എക്കാലവും വൈകാരിക ബന്ധം പുലർത്തുന്ന അമേഠിയിലും റായ്ബറേലിയിലും പാർട്ടിക്കും കുടുംബത്തിനും ഒരു മാനേജരുണ്ട്. രണ്ടിടത്തും ഗാന്ധി– നെഹ്റു കുടുംബം കഴിഞ്ഞാൽ പാർട്ടിയുടെ എല്ലാം മാനേജറാണ്. നാട്ടുകാരുടെ ആവശ്യങ്ങൾ ദൈനംദിനാടിസ്ഥാനത്തിൽ നോക്കി നടത്തുകയാണു ചുമതല; ഒപ്പം, നേതാവിനും നാട്ടുകാർക്കുമിടയിലെ പാലമായി പ്രവർത്തിക്കും.
കാൽ നൂറ്റാണ്ടോളമായി ഈ മാനേജർ ‘തസ്തികയിൽ’ ഒരാളാണ്: കിഷോരി ലാൽ ശർമ എന്ന കെ.എൽ. ശർമ (62). എന്നെപ്പോലൊരു ‘ചോട്ടാ കാര്യകർത്തയെ’ തിരഞ്ഞെടുത്തതിനു നന്ദിയെന്നായിരുന്നു അമേഠിയിലെ സ്ഥാനാർഥിത്വത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. എന്നാൽ, ശർമ അത്ര ‘ചെറിയ പ്രവർത്തകനല്ലെന്ന്’ കോൺഗ്രസ് രാഷ്ട്രീയമറിയുന്നവർക്കറിയാം.
പഞ്ചാബിലെ ലുധിയാന സ്വദേശിയായ ശർമ, രാജീവ് ഗാന്ധിയുടെ കാലം മുതലേ ഗാന്ധി–നെഹ്റു കുടുംബത്തിനൊപ്പമുണ്ട്. ഡൽഹിയിൽ രാജീവിനായി ഓടി നടന്ന പലരിൽ ഒരാളായിരുന്നു. മണ്ഡലത്തിലെ കാര്യങ്ങൾ നോക്കാൻ രാജീവ് നിർദേശിച്ചപ്രകാരം, 1987 ലാണ് ശർമ ആദ്യമായി അമേഠിയിലെത്തിയത്. 1991 ൽ രാജീവിന്റെ വിയോഗത്തോടെ ശർമ ഗാന്ധി കുടുംബവുമായി കൂടുതൽ അടുത്തു. തുടർന്നും അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസിനായി സജീവമായി പ്രവർത്തിച്ചു.
1999 ൽ അമേഠിയിൽ മത്സരത്തിനിറങ്ങിയ സോണിയ ഗാന്ധിയുടെ തിരഞ്ഞെടുപ്പു വിജയം ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2004 ൽ മകനു വേണ്ടി അമേഠി ഒഴിഞ്ഞ് സോണിയ റായ്ബറേലിയിലേക്കു മാറിയതോടെ ഇരു മണ്ഡലങ്ങളുടെയും മാനേജർ ചുമതലയിലേക്ക് ശർമയെത്തി. രണ്ടിടത്തും ബൂത്ത് നേതാക്കൾ വരെയുള്ളവരുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ശർമ. ഇടക്കാലത്ത് പഞ്ചാബിലും ബിഹാറിലും കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായി.
കോൺഗ്രസിന്റെ ഉറച്ച കോട്ടയെന്നു കരുതിയ അമേഠിയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ തോൽവിയുടെ പേരിൽ പഴി കേൾക്കേണ്ടി വന്നയാൾ കൂടിയാണ് ശർമ. അന്നു തിരഞ്ഞെടുപ്പ് ഏകോപനച്ചുമതല ശർമയ്ക്കായിരുന്നു.