ADVERTISEMENT

ആന്ധ്രപ്രദേശിൽ ആർക്കും കേവലഭൂരിപക്ഷം കിട്ടാത്ത സാഹചര്യം വന്നാൽ സഹോദരൻ ജഗൻ മോഹൻ റെഡ്ഡിയെ പിന്തുണയ്ക്കാതെ ക്രിയാത്മക പ്രതിപക്ഷമായിരിക്കാനാണു താൽപര്യമെന്നു സംസ്ഥാന കോൺഗ്രസ് അധ്യക്ഷ വൈ.എസ്.ശർമിള വ്യക്തമാക്കി. ആന്ധ്രയിൽ നാമാവശേഷമായ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണു ശർമിള. പാർട്ടിയുടെ തിരിച്ചുവരവിന്റെ തുടക്കമായിരിക്കും 13നു നടക്കുന്ന ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളെന്ന് അവർ പറഞ്ഞു. അച്ഛൻ വൈ.എസ്.രാജശേഖര റെഡ്ഡി(വൈഎസ്ആർ)യുടെ തട്ടകമായ കടപ്പയിൽനിന്നു ലോക്സഭയിലേക്കു മത്സരിക്കുന്ന ശർമിള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽനിന്ന്: 

Q ആന്ധ്രയിൽ കോൺഗ്രസ് പ്രതീക്ഷകൾ എന്തെല്ലാമാണ്? 

A 2004ലും 2009ലും യുപിഎ അധികാരത്തിൽ എത്തിയതിൽ എന്റെ അച്ഛൻ വൈ.എസ്.രാജശേഖര റെഡ്ഡിക്കുള്ള പങ്ക് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തന്നെ വ്യക്തമാക്കിയതാണ്. കുറച്ചുകാലത്തേക്ക് ആന്ധ്രയിലെ ജനങ്ങൾ പാർട്ടിയിൽ നിന്നകന്നു. കോൺഗ്രസിനെയും എന്നെയും ജനങ്ങൾ അനുഗ്രഹിക്കുമെന്നും ഈ തിരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് അതിന്റെ പ്രതാപകാലത്തേക്കു മടങ്ങിയെത്തുമെന്നും എനിക്കുറപ്പുണ്ട്. 

∙ കടപ്പയിൽ ജനങ്ങളുടെ പ്രതികരണം എങ്ങനെയുണ്ട്? 

ജനങ്ങളുടെ ഹൃദയത്തിൽ വൈഎസ്ആർ ഇപ്പോഴുമുണ്ട്. കോൺഗ്രസിനു മാത്രമേ ക്ഷേമവും വികസനവും ശരിയായി നൽകാൻ കഴിയൂവെന്നു കഴിഞ്ഞ 10 വർഷത്തെ ജീവിതാവസ്ഥ കൊണ്ട് ജനം തിരിച്ചറിഞ്ഞു. വൈഎസ്ആറിന്റെ പാരമ്പര്യവും കോൺഗ്രസിലുള്ള വിശ്വാസവും എന്റെ വിജയം ഉറപ്പാക്കും. 

∙ എതിർസ്ഥാനാർഥിയും സിറ്റിങ് എംപിയുമായ അവിനാശ് റെഡ്ഡി താങ്കളുടെ കസിനാണ്. വിജയപ്രതീക്ഷ എത്രത്തോളമുണ്ട്? 

കടപ്പയിലേതു നീതിയും ദുഷ്ടതയും തമ്മിലുള്ള പോരാട്ടമാണ്. വൈഎസ്ആറിന്റെ സഹോദരൻ വൈ.എസ്.വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നു സിബിഐ ആരോപിച്ചയാളാണ് എതിർസ്ഥാനത്ത്. ഞാനും വിവേകാനന്ദ റെഡ്ഡിയുടെ മകളായ ഡോ. സുനിത റെഡ്ഡിയും 5 വർഷത്തോളമായി നീതിക്കുവേണ്ടി പോരാടുന്നു. കടപ്പയെ ആരു പ്രതിനിധീകരിക്കണമെന്ന കാര്യത്തിൽ ജനത്തിനു ബോധ്യമുണ്ട്. 

∙ എ‍ൻഡിഎയെ സഹായിക്കുന്നതാണ് കോൺഗ്രസിന്റെ മത്സരമെന്ന ജഗന്റെ ആരോപണത്തോടുള്ള പ്രതികരണം എന്താണ്? 

ജനങ്ങൾക്കായി ഒന്നു ചെയ്യാത്ത നേതാവ് ആസന്നമായ തിരഞ്ഞെടുപ്പു തോൽവിക്കായി കാരണങ്ങൾ കണ്ടെത്തുകയാണ്. കള്ളം പറഞ്ഞും ഒഴികഴിവു കണ്ടെത്തിയും സ്വന്തം പരാജയം മറച്ചുവയ്ക്കാൻ മോദിയും ജഗനും ഓവർടൈം പണിയെടുക്കുന്നു. ഇതു ജനങ്ങൾക്കു മനസ്സിലാകും. 

∙ സംസ്ഥാനത്ത് ഒരു പ്രധാന ശക്തിയായി കോൺഗ്രസ് ഉയർന്നുവന്നാൽ ജഗന്റെ വൈഎസ്ആർ കോൺഗ്രസിനെ പിന്തുണയ്ക്കുമോ? 

ആന്ധ്രയിൽ കോൺഗ്രസ് പ്രധാന ശക്തിയായി ഉയർന്നുവരും. ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലാതെ വന്നാൽ ക്രിയാത്മക പ്രതിപക്ഷത്തിന്റെ റോൾ വഹിക്കും. 

∙ തെലങ്കാനയിൽ കോൺഗ്രസിനായി അധികാരം പിടിച്ച രേവന്ത് റെഡ്ഡി മാതൃകയാണ് ശർമിളയിൽനിന്നു പാർട്ടി പ്രതീക്ഷിക്കുന്നതെന്ന നിരീക്ഷണത്തെക്കുറിച്ച്? 

പാർട്ടി ഹൈക്കമാൻഡ് എന്നെ വിശ്വസിക്കുന്നതിൽ സന്തോഷമുണ്ട്. താഴെത്തട്ടിൽ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നു വിശ്വസിക്കുന്നു. ജനാധിപത്യ ഇന്ത്യയിൽ ഒരുപരിധിക്കപ്പുറം വ്യക്തികൾക്കു പ്രാധാന്യമില്ല. ജനങ്ങൾക്കുള്ള വിശ്വാസത്തിലാണു പ്രതീക്ഷ. 

English Summary:

willnot support YS Jagan Mohan Reddy says YS Sharmila

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com