ADVERTISEMENT

കൊൽക്കത്ത ∙ അസമിലെ അവസാനഘട്ട തിരഞ്ഞെടുപ്പും കഴിഞ്ഞതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി ആത്മവിശ്വാസത്തിൽ. അസമിൽ നില മെച്ചപ്പെടുത്താമെന്ന പ്രതീക്ഷ കോൺഗ്രസും പങ്കുവയ്ക്കുന്നു. അസം ഒഴികെയുള്ള സംസ്ഥാനങ്ങളിൽ 2019 ലെ സ്ഥിതി തുടരുമെന്നാണ് പൊതുവിലയിരുത്തൽ. അസമിൽ മണ്ഡലം പുനർനിർണയത്തിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പായതിനാൽ മത്സരം പ്രവചനാതീതമാണ്.

14 സീറ്റിൽ 13 ബിജെപി നേടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറയുന്നു. മുസ്‌ലിം ഭൂരിപക്ഷ മണ്ഡലമായ ദുബ്രിയാണ് ഹിമന്ത വിട്ടുകളഞ്ഞത്. എഐയുഡിഎഫ് സ്ഥാപകൻ മൗലാനാ ബദറുദ്ദീൻ അജ്മലിന്റെ തട്ടകമാണ് ദുബ്രി. ബംഗാളി മുസ്‌ലിംകൾക്കിടയിൽ സ്വാധീനമുണ്ടാക്കിയ എഐയുഡിഎഫിന്റെ ഭാവിയും ഇത്തവണ വ്യക്തമാകും. 3 തവണയായി അജ്മൽ ജയിക്കുന്ന ദുബ്രിയിൽ നിയമസഭാകക്ഷി ഉപനേതാവ് റക്കീബുൽ ഹുസൈനിലൂടെ കോൺഗ്രസ് ഇത്തവണ ശക്തമായ പോരാട്ടമാണ് നടത്തിയത്.

ന്യൂനപക്ഷവോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കുന്ന നിലപാടാണ് അജ്മൽ സ്വീകരിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോൺഗ്രസിന്റെ പ്രചാരണം. കോൺഗ്രസിനായി ഗൗരവ് ഗൊഗോയ് മത്സരിക്കുന്ന ജോർഹട്ട്, പ്രദ്യുത് ബർദലോയ് മത്സരിക്കുന്ന നൗഗാവ്, കരിംഗഞ്ച്, ബിജെപിയുടെ സഖ്യകക്ഷിയായ യുപിപിഎൽ മത്സരിച്ച കൊക്രജാർ എന്നിവിടങ്ങളിൽ മത്സരം ഇഞ്ചോടിഞ്ചായിരുന്നു.

സംസ്ഥാനത്ത് കഴിഞ്ഞതവണ ബിജെപി 9, കോൺഗ്രസ് 3, എഐയുഡിഎഫ് 1, സ്വതന്ത്രൻ 1 എന്നതായിരുന്നു നില. മേഘാലയയിലെ ഷില്ലോങ് നിലനിർത്തുക കോൺഗ്രസിനു ദുഷ്കരമാണ്. ഇന്നർ മണിപ്പുരിൽ കോൺഗ്രസ് സ്ഥാനാർഥിയും ജെഎൻയു പ്രഫസറുമായ ഡോ.ബിമൽ അക്കോയിജാമിന് സാധ്യത കൽപിക്കുന്നുണ്ടെങ്കിലും സായുധ ഗ്രൂപ്പുകൾ ഇവിടെ വ്യാപകമായി ക്രമക്കേടു നടത്തിയിരുന്നു. സിക്കിം ഉൾപ്പെടെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലായി മൊത്തം 25 ലോക്സഭാ സീറ്റാണുള്ളത്. 

English Summary:

After the final phase of elections in Assam, BJP is confident in northeastern states

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com