ആരോപണയുദ്ധം പുതിയ വഴിയേ; അംബാനി – അദാനിമാരെ ‘കോൺഗ്രസാക്കി’ മോദി, തിരിച്ചടിച്ച് രാഹുൽ ഗാന്ധി
Mail This Article
ന്യൂഡൽഹി ∙ ബിജെപിക്കെതിരെ ഉന്നയിച്ചിരുന്ന അംബാനി– അദാനി ബന്ധം കോൺഗ്രസിനെതിരെ തിരിച്ചുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു ശേഷം ‘അംബാനി–അദാനി’ വിമർശനങ്ങൾ രാഹുൽ ഗാന്ധി എന്തുകൊണ്ട് ഉന്നയിക്കുന്നില്ലെന്ന് മോദി ചോദിച്ചു. ഇരുവ്യവസായികളിൽ നിന്നും പാർട്ടിക്ക് ലോറി നിറയെ കള്ളപ്പണം ലഭിച്ചിട്ടുണ്ടോയെന്നും ആരാഞ്ഞു. മോദിയെ തോൽവിഭയം ബാധിച്ചതായും തന്റെ സുഹൃത്തുക്കൾക്കെതിരെ അദ്ദേഹം തിരിഞ്ഞത് അതിന്റെ സൂചനയാണെന്നും കോൺഗ്രസ് തിരിച്ചടിച്ചു. ഇതിനു പിന്നാലെ പ്രധാനമന്ത്രിക്കു ഭയമാണോ എന്നു ചോദിച്ചു രാഹുൽ ഗാന്ധി വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
‘സാധാരണ അടച്ചിട്ട മുറിയിലിരുന്നാണ് താങ്കൾ അദാനി, അംബാനി എന്നൊക്കെ പറയാറുള്ളത്. ഇതാദ്യമായി നിങ്ങൾ ഇരുവരുടെയും പേര് പൊതുഇടത്തിൽ ഉപയോഗിച്ചു. അവർ ലോറിയിലാണു പണം കൊടുക്കുന്നതെന്നും അറിയാം അല്ലേ? ഒരു കാര്യം ചെയ്യൂ, ഇ.ഡിയെയും സിബിഐയെയും അവരുടെ അടുത്തേക്ക് അയയ്ക്കൂ. അന്വേഷണം വേഗം നടത്തൂ...’ ഈ സമ്പന്നർക്കു മോദി നൽകിയ അത്രയും പണം രാജ്യത്തെ പാവപ്പെട്ടവർക്കു നൽകുമെന്നും തങ്ങൾ പ്രഖ്യാപിച്ച മഹാലക്ഷ്മി, പെഹ്‌ലി നൗക്കരി പക്കി എന്നീ പദ്ധതികളിലൂടെ വിതരണം ചെയ്യുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ആദ്യമായാണു നരേന്ദ്ര മോദി കോൺഗ്രസിനെതിരെ അദാനി–അംബാനി ബന്ധം ആരോപിക്കുന്നത്. ‘കഴിഞ്ഞ 5 വർഷമായി കോൺഗ്രസിന്റെ രാജകുമാരൻ ഒരു കാര്യം മാത്രമാണ് ആവർത്തിച്ചുകൊണ്ടിരുന്നത്. റഫാൽ വിഷയത്തിൽ ശിക്ഷിക്കപ്പെടാതെ കടന്നുകൂടിയതിന് പിന്നാലെ അദ്ദേഹം പുതിയൊരു മന്ത്രം ആരംഭിച്ചു. 5 വ്യവസായികൾ എന്ന് ആവർത്തിച്ചു പറയാൻ തുടങ്ങി. ക്രമേണ അംബാനി– അദാനി എന്നു പറയാൻ ആരംഭിച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അദ്ദേഹം അതു നിർത്തി. ഇരുവരിൽ നിന്നും എത്ര പണം സ്വീകരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കാൻ അദ്ദേഹം തയാറാകണം. എന്തായിരുന്നു ഡീൽ? എന്തോ കുഴപ്പമുണ്ട്. 5 വർഷം അവരെ ചീത്തവിളിക്കുന്നു. പിന്നെ ഉടൻ അതു നിർത്തുന്നു’ മോദി പറഞ്ഞു.
മോദിയുടെ പ്രസംഗത്തിനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയവരും രംഗത്തെത്തി. പ്രധാനമന്ത്രിയുടെ കസേര ഇളകുന്നുണ്ടെന്നും അതുകൊണ്ടാണു സ്വന്തം സുഹൃത്തുക്കൾക്കു നേരെയുള്ള ആക്രമണമെന്നും ഖർഗെ പറഞ്ഞു. രാജ്യത്തിന്റെ സ്വത്ത് വലിയ വ്യവസായികൾക്കു മോദി നൽകിയെന്നു പ്രിയങ്ക വിമർശിച്ചു.
മോദിക്കെതിരെ ഹർജി
ന്യൂഡൽഹി ∙ വിദ്വേഷ പ്രസംഗങ്ങളുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് 6 വർഷത്തെ വിലക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ഫാത്തിമ എന്ന പേരിൽ തിരഞ്ഞെടുപ്പു കമ്മിഷനെ എതിർകക്ഷിയാക്കിയാണ് ഹർജി.