ലൈംഗികാരോപണങ്ങൾ നാലാം ഘട്ടത്തിലും മുഖ്യ അജൻഡ; വിഡിയോ യുദ്ധം മുറുകി ബംഗാൾ
Mail This Article
കൊൽക്കത്ത ∙ തിരഞ്ഞെടുപ്പ് നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ ബംഗാൾ രാഷ്ട്രീയത്തെ ഒരു വിഡിയോയും ഒരു സിസിടിവി ദൃശ്യവും ഇളക്കിമറിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടാ നേതാവ് ഷാജഹാൻ ഷെയ്ഖിനെതിരെ പീഡനപരാതി ഉയർത്താൻ വനിതകളെ ബിജെപി നേതാവ് സുവേന്ദു അധികാരി നിർബന്ധിച്ചയച്ചതാണെന്ന് പാർട്ടി സന്ദേശ്ഖലി മണ്ഡലം പ്രസിഡന്റ് ഗംഗാധർ കയാൽ പറയുന്ന വിഡിയോ ആണ് ഒന്ന്. ഗവർണർ സി.വി.ആനന്ദ ബോസിനെതിരെ രാജ്ഭവൻ ജീവനക്കാരി ഉന്നയിച്ച ആരോപണവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യമാണ് രണ്ടാമത്തേത്.
ബിജെപി പ്രാദേശിക നേതാക്കൾ വെള്ളപ്പേപ്പറിൽ ഒപ്പിട്ടു വാങ്ങുകയായിരുന്നുവെന്നും പരാതി പിന്നീട് വ്യാജമായി എഴുതിച്ചേർക്കുകയായിരുന്നുവെന്നും പരാതിക്കാരിൽ ഒരു സ്ത്രീ പറയുന്നതിന്റെ ദൃശ്യമാണ് പ്രാദേശിക ചാനൽ പുറത്തുവിട്ടത്. ബലാത്സംഗം നടന്നുവെന്ന വ്യാജപരാതി ഉണ്ടാക്കാനായി ബിജെപി നേതാക്കൾ ആവശ്യപ്പെട്ടതായി മറ്റൊരു സ്ത്രീയും പറഞ്ഞു. തൊഴിലുറപ്പുപദ്ധതിയുടെ പണം ലഭിക്കുന്നതിന് വെള്ളക്കടലാസിൽ ഒപ്പിടണമെന്നാണ് ബിജെപി നേതാക്കൾ പറഞ്ഞതെന്ന് പരാതിക്കാരി അറിയിച്ചു. ബിജെപിയുടെ നടപടി നാണക്കേടുണ്ടാക്കിയതായും സ്ത്രീകൾ പറയുന്നുണ്ട്.
സന്ദേശ്ഖലി സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജി തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിക്കഴിഞ്ഞു. ഷാജഹാൻ ഷെയ്ഖ് സന്ദേശ്ഖലിയിലെ ഗുണ്ടാ നേതാവാണെന്ന കാര്യം സമ്മതിക്കുന്ന തൃണമൂൽ നേതാക്കൾ സ്ത്രീപീഡന ആരോപണങ്ങൾ പറയിച്ചതാണെന്ന് വാദിക്കുന്നു. വിഡിയോ പ്രചരിച്ചതോടെ ബിജെപി പ്രതിക്കൂട്ടിലായിരിക്കയാണെന്ന് തൃണമൂൽ രാജ്യസഭാംഗം മുഹമ്മദ് നദീമുൽ ഹഖ് ‘മനോരമ’യോട് പറഞ്ഞു.
അതിനിടെയാണ് ഗവർണർക്കെതിരെ രാജ്ഭവൻ ജീവനക്കാരി ഉയർത്തിയ ആരോപണവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യവും ചർച്ചാവിഷയമായത്. ഏപ്രിൽ 24നും മേയ് രണ്ടിനും ഗവർണർ തന്നെ ശരിയല്ലാത്ത രീതിയിൽ സ്പർശിച്ചെന്നാണ് താൽക്കാലിക ജീവനക്കാരിയുടെ ആരോപണം. മേയ് 2ന് പ്രധാനമന്ത്രി രാജ് ഭവനിൽ തങ്ങിയിരുന്നു. അതിനാൽ രാഷ്ട്രീയദുരുദ്ദേശ്യത്തോടെ ഉയർത്തിയ ആരോപണമാണ് ഇതെന്നാണ് ബിജെപിയുടെയും രാജ്ഭവന്റെയും വാദം.
മേയ് രണ്ടിലെ രാജ്ഭവൻ സിസിടിവി ദൃശ്യം വന്ന് കാണാൻ പൊതുജനങ്ങളെ ഗവർണർ ക്ഷണിച്ചിരുന്നു. ഇതനുസരിച്ച് ഇന്നലെ 70 പേർ വന്നു കണ്ടു. ആരോപണമുയർത്തിയ സ്ത്രീ അന്നേദിവസം പൊലീസുകാരോടൊപ്പം കൺട്രോൾ റൂമിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ കാണാം.
ഭരണകക്ഷിയുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്കുവേണ്ടി പൊലീസുകാർ പറഞ്ഞുകൊടുത്തെഴുതിച്ച പരാതിയാണെന്നാണ് രാജ്ഭവൻ വൃത്തങ്ങളുടെ വാദം.
മോദിയുടെ റാലി മറ്റന്നാൾ
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ബംഗാളിൽ പ്രചാരണത്തിനെത്തുന്നതോടെ രംഗം വീണ്ടും ചൂടുപിടിക്കും. തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളായ തെക്കൻ ബംഗാൾ മണ്ഡലങ്ങളിൽ മിക്കവയിലും അടുത്ത 3 ഘട്ടങ്ങളിലാണ് വോട്ടെടുപ്പ്. ബരാക്ക്പുർ, ഹൗറ, ഹൂഗ്ലി എന്നീ മണ്ഡലങ്ങളിലായി 4 റാലികളെ ഞായറാഴ്ച മോദി അഭിസംബോധന ചെയ്യും.