എന്റെ ഡിഎൻഎ കോൺഗ്രസ്: പുരിയിൽ പിന്മാറിയ സ്ഥാനാർഥി സുചരിത

Mail This Article
എന്റെ അച്ഛനും അമ്മയും കോൺഗ്രസിനുവേണ്ടി ജീവിച്ചവരാണ്. പാർട്ടിക്കെതിരെ ഞാൻ പ്രവർത്തിച്ചിട്ടില്ല. അവസരം ലഭിച്ചാൽ ഇനിയും മത്സരിക്കും’– പുരി ലോക്സഭാ മണ്ഡലത്തിൽ സ്ഥാനാർഥിയായശേഷം പിന്മാറിയ സുചരിത മൊഹന്തി ‘മനോരമ’യോട് പറഞ്ഞു.
സ്ഥാനാർഥിത്വം ഉപേക്ഷിച്ചത് പാർട്ടിയെ അവഹേളിക്കലല്ലേ?
വേറെ വഴിയില്ലായിരുന്നു. പ്രചാരണത്തിനുള്ള പണം സ്വയം കണ്ടെത്തണമായിരുന്നു. എന്റെ കയ്യിൽ പണമില്ല. സമാഹരിക്കാൻ ശ്രമിച്ചെങ്കിലും ലഭിച്ചത് വെറും 2000 രൂപ. കൂടുതൽ സാമ്പത്തികശേഷിയുള്ളവർ മത്സരിക്കട്ടെയെന്ന തീരുമാനം ദേശീയ നേതൃത്വത്തെ ഇ–മെയിലിലൂടെയാണ് അറിയിച്ചത്. പക്ഷേ, അതെങ്ങനെയോ പുറത്തായി.
ആരാണ് പ്രചാരണത്തിനു തടസ്സം നിന്നത് ?
കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി എല്ലാവർക്കുമറിയാം. അതുകൊണ്ട് തുടക്കത്തിൽ പണം ആവശ്യപ്പെട്ടില്ല. നോമിനേഷൻ നൽകിയശേഷവും പണം കിട്ടാത്തതായതോടെ നേതൃത്വത്തെ സമീപിച്ചു. പണം മുഴുവൻ സ്വന്തം നിലയ്ക്കു കണ്ടെത്തണമെന്ന് എഐസിസി പ്രതിനിധി അജയ് കുമാർ പറഞ്ഞു. അതെന്നെ ഞെട്ടിച്ചു. മറ്റു സ്ഥാനാർഥികളോട് ഇങ്ങനെ പറഞ്ഞതായി കേട്ടില്ല.
സ്ഥാനാർഥിത്വം ഒഴിയാൻ ഇതു മാത്രമാണോ കാരണം ?
ഇതായിരുന്നു പ്രധാന കാരണം. പുരി നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിലും അതൃപ്തി അറിയിച്ചിരുന്നു.
കോൺഗ്രസ് അവഗണ തുടർന്നാൽ മറ്റു പാർട്ടിയിലേക്കു പോകുമോ?
കോൺഗ്രസാണ് എന്റെ ഡിഎൻഎ. പാർട്ടി ഏൽപിക്കുന്ന ഏതു ദൗത്യവും ഏറ്റെടുത്ത് ഇവിടെ തുടരും. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നതാണ് എന്റെ സ്വപ്നം.