ജനസംഖ്യയും പ്രചാരണായുധം; പിഎം–ഇഎസി റിപ്പോർട്ടിന്മേൽ ഭരണ–പ്രതിപക്ഷ ഏറ്റുമുട്ടൽ
Mail This Article
ന്യൂഡൽഹി ∙ ജനസംഖ്യാ മാറ്റങ്ങൾ മതാടിസ്ഥാനത്തിൽ വിശകലനം ചെയ്യുന്ന പിഎം–ഇഎസി റിപ്പോർട്ട് തിരഞ്ഞെടുപ്പിൽ ഭരണപക്ഷ–പ്രതിപക്ഷ ഏറ്റുമുട്ടലിനു പുതിയ ആയുധമായി. 1950 ലെ ജനസംഖ്യയെ അടിസ്ഥാനവർഷമാക്കി യുഎസ് ഗവേഷകർ തയാറാക്കിയ റിപ്പോർട്ട് ഉപയോഗിച്ചുള്ള വിശകലനം ഇപ്പോൾ പുറത്തുവിടുന്നതിന്റെ ഉദ്ദേശ്യശുദ്ധിയെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നു. ന്യൂനപക്ഷങ്ങൾക്ക് അനുയോജ്യ സാഹചര്യമുള്ള സമൂഹത്തിലാണ് അവരുടെ സംഖ്യയിൽ വളർച്ചയുണ്ടാവുന്നതെന്നും വൈവിധ്യം സംരക്ഷിക്കപ്പെടുന്നതിന്റെ തെളിവാണിതെന്നുമാണ് യുഎസ് റിപ്പോർട്ടിലെ വാദം.
എന്നാൽ, ന്യൂനപക്ഷ വിഭാഗത്തിന്റെ എണ്ണം വർധിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള പ്രചാരണവുമായാണ് ബിജെപി പക്ഷത്തുള്ളവർ രംഗത്തെത്തിയത്. മുസ്‌ലിം ജനസംഖ്യയുടെ വളർച്ചാനിരക്ക് 1990 കൾ മുതൽ കുറയുകയാണെന്നു വിലയിരുത്തുന്ന കണക്കുകൾ ഇന്ത്യയിൽ നേരത്തേ തന്നെ പുറത്തുവന്നിട്ടുണ്ട്. പിഎം–ഇഎസിയുടെ വിശകലനത്തിൽ അതു പരിഗണിക്കപ്പെട്ടില്ലേ എന്ന ചോദ്യവുമുയരുന്നു.
റിപ്പോർട്ടിന്റെ രാഷ്ട്രീയസാധ്യത വ്യക്തമാക്കുന്നതായിരുന്നു വിവിധ നേതാക്കളുടെ പ്രതികരണങ്ങൾ. ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം ജനസംഖ്യാവിഹിതം വർധിക്കുന്നത് ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഹിന്ദു ജനസംഖ്യ കുറഞ്ഞത് പതിറ്റാണ്ടുകൾ നീണ്ട കോൺഗ്രസ് ഭരണം കാരണമാണെന്നായിരുന്നു ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയുടെ വാദം.
കോവിഡ് മരണങ്ങൾ, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവ സംബന്ധിച്ചുള്ള ഡേറ്റയില്ലാത്ത ബിജെപി സർക്കാർ, തിരഞ്ഞെടുപ്പിനിടെ ധ്രുവീകരണമുണ്ടാക്കാൻ ജനസംഖ്യാ ഡേറ്റയുമായി വന്നിരിക്കുകയാണെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ പറഞ്ഞു. റിപ്പോർട്ട് സംബന്ധിച്ച മാധ്യമപ്രവർത്തകന്റെ ചോദ്യത്തെ, ഈ ചോദ്യം ചോദിക്കാൻ ആരാണ് ചുമതലപ്പെടുത്തിയതെന്ന മറുചോദ്യവുമാണ് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി നേരിട്ടത്.