വോട്ടിങ് ഡേറ്റ, പെരുമാറ്റച്ചട്ടലംഘനം: കൊമ്പുകോർത്ത് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും പ്രതിപക്ഷവും
Mail This Article
ന്യൂഡൽഹി ∙ വോട്ടിങ് ഡേറ്റ, പെരുമാറ്റച്ചട്ടലംഘനം അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനും പ്രതിപക്ഷവും കൊമ്പുകോർക്കുന്നു. കമ്മിഷന്റെ വിശ്വാസ്യത, വോട്ടിങ് ഡേറ്റ അടക്കമുള്ള കാര്യങ്ങളിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇന്ത്യാസഖ്യത്തിലെ നേതാക്കൾക്ക് അയച്ച കത്തിന് കടുത്ത ഭാഷയിൽ കമ്മിഷൻ തുറന്ന മറുപടി നൽകി. ഇന്ത്യാസഖ്യത്തിലെ നേതാക്കൾ കമ്മിഷനുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഒരു മണിക്കൂർ മുൻപാണ് 5 പേജുള്ള മറുപടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
കക്ഷിനേതാക്കൾക്ക് അയച്ച കത്ത് സമൂഹമാധ്യമമായ എക്സിലൂടെ ഖർഗെ പരസ്യപ്പെടുത്തിയതാണു കമ്മിഷനെ പ്രകോപിപ്പിച്ചത്. പാർട്ടികൾ തമ്മിലുള്ള ആശയവിനിമയത്തിന്മേൽ കമ്മിഷൻ പ്രതികരിക്കുന്നത് സാധാരണമല്ല. കമ്മിഷനുമായി നടന്ന കൂടിക്കാഴ്ചയിൽ വോട്ടിങ് ഡേറ്റയിലെ പൊരുത്തക്കേടുകൾ, ബിജെപി നേതാക്കളുടെ വിദ്വേഷപ്രസംഗങ്ങൾ എന്നീ വിഷയങ്ങൾ ഇന്ത്യാസഖ്യ നേതാക്കൾ വീണ്ടും ഉന്നയിച്ചു.
കക്ഷിനേതാക്കളായ സൽമാൻ ഖുർഷിദ്, അഭിഷേക് മനു സിങ്‍വി, ഡെറക് ഒബ്രയൻ, ബിനോയ് വിശ്വം, ജി.ദേവരാജൻ, ടി.ആർ.ബാലു അടക്കമുള്ളവരുടെ സംഘമാണ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തിയത്. കടുത്ത ഭാഷയിലുള്ള കത്തിന്റെ ഉള്ളടക്കവും ഉദ്ദേശ്യവും തിരഞ്ഞെടുപ്പ് കമ്മിഷന്റെ യശസ്സിന്മേൽ മായാത്ത കളങ്കമായിരിക്കുമെന്ന് കോൺഗ്രസ് ആരോപിച്ചു.
‘ഇന്ത്യ’ ഉന്നയിച്ചത്
∙ ആദ്യ 2 ഘട്ടങ്ങളിലെയും അന്തിമ വോട്ടിങ് ശതമാനം പുറത്തുവിടുന്നത് യഥാക്രമം 11, 4 ദിവസങ്ങൾ വൈകി. വൈകി പ്രസിദ്ധീകരിച്ച വോട്ടിങ് കണക്കിൽ 5 ശതമാനത്തോളം അന്തരമുണ്ടായി. 24 മണിക്കൂറിനകം പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ ഈ വർധന എല്ലാ മണ്ഡലങ്ങളിലുമുണ്ടായോ അതോ ബിജെപി മികച്ച പ്രകടനം കാഴ്ചവച്ച മണ്ഡലങ്ങളിൽ മാത്രമേ ഉണ്ടായിട്ടുള്ളോ എന്നറിയാമായിരുന്നു. പോളിങ് ബൂത്ത് തിരിച്ചുള്ള വോട്ടിങ് വിവരം പുറത്തുവിടണം.
∙ പ്രധാനമന്ത്രിയുടെ വിദ്വേഷപ്രസംഗത്തിന്മേൽ ബിജെപി അധ്യക്ഷന് കമ്മിഷൻ നോട്ടിസ് നൽകിയിട്ടും മോദി ഇത്തരം പ്രസംഗങ്ങൾ തുടരുന്നു. മോദിയുടെ തുടർച്ചയായ പെരുമാറ്റച്ചട്ട ലംഘനങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കണം. ഇത് തടഞ്ഞില്ലെങ്കിൽ ജനാധിപത്യത്തിന്റെ കെട്ടുറപ്പിനു കടുത്ത ആഘാതമുണ്ടാകും.
കമ്മിഷൻ പറഞ്ഞത്
∙ ഖർഗെയുടെ കത്ത് പക്ഷപാതപരമായ ആഖ്യാനം പ്രചരിപ്പിക്കലാണ്. വ്യക്തത തേടാനുള്ള ശ്രമമെന്ന വ്യാജേന ആശയക്കുഴപ്പമുണ്ടാക്കാനുള്ള മനഃപൂർവമായ നീക്കമാണിത്. ആശങ്കകൾ പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെങ്കിലും കത്തു പരസ്യമാക്കിയതുവഴി ഉദ്ദേശ്യശുദ്ധിയിന്മേൽ ചോദ്യങ്ങൾ ഉയർത്തുന്നു. സുഗമവും സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് തടസ്സം സൃഷ്ടിക്കുകയാണു ലക്ഷ്യം.
∙ മണ്ഡലം തിരിച്ചുള്ള വോട്ടർമാരുടെ വിവരങ്ങൾ എല്ലാ സ്ഥാനാർഥികൾക്കും രാഷ്ട്രീയപാർട്ടികൾക്കും ലഭ്യമാണ്. വോട്ടിങ് വിവരങ്ങൾ വോട്ടർ ടേണൗട്ട് ആപ്പിൽ തത്സമയം ലഭ്യമായിരുന്നു. ബൂത്ത് തിരിച്ചുള്ള ഡേറ്റ വോട്ടിങ് തീരുമ്പോൾ ബൂത്ത് ഏജന്റുമാർക്കു ലഭ്യമാക്കുന്നുണ്ട്.