ADVERTISEMENT

കൊണാട്ട് പ്ലേസിനടുത്തെ ബാബാ ഖഡക് സിങ് റോഡിലെ ഹനുമാൻ മന്ദിറിലേക്ക് അരവിന്ദ് കേജ്‌രിവാൾ മുൻപ് ഇത്ര ആഘോഷമായി വന്നത് ഡൽഹിയിൽ ഇടിമുഴക്കം പോലൊരു ജയം നേടിയപ്പോഴായിരുന്നു. മോദിയുടെ പകിട്ടിൽ ഡൽഹിയും കീഴടക്കാമെന്നു മോഹിച്ച ബിജെപി തോറ്റമ്പിയ 2020ലെ ആ നിയമസഭ തിരഞ്ഞെടുപ്പിനു ശേഷം. അന്നും കേജ്‌രിവാളിനു വീരനായകന്റെ പരിവേഷമായിരുന്നു.

മദ്യനയ കേസിൽ 50 ദിവസം തടവിൽ കഴിഞ്ഞ ശേഷം ഇടക്കാല ജാമ്യത്തിലിറങ്ങിയ കേജ്‌രിവാളിനു ജയിലിലേക്ക് മടങ്ങും മുൻപ് 21 ദിവസമുണ്ട്. തനിക്കെതിരെ സർവശക്തിയുമെടുത്തു പോരാടുന്ന മോദിയും അമിത് ഷായും ഒരുവശത്ത്. ശത്രുപക്ഷത്തു കണ്ടിരുന്ന കോൺഗ്രസ് ഒപ്പം.

ഓടിയെത്താൻ ദൂരമേറെയുണ്ട്, ചെയ്തുതീർക്കാൻ അതിലേറെ. എല്ലാം ഹനുമാൻ സ്വാമിയെ കണ്ടശേഷമെന്നു ജയിലിൽ നിന്നിറങ്ങിയ ഉടൻ പ്രഖ്യാപിച്ചിരുന്നതിനാൽ ക്ഷേത്രപരിസരത്ത് (കേജ്‌രിവാളിന്റെ) വിശ്വാസികളുടെ തിരക്കായിരുന്നു. തൊഴുകൈകളുമായി തികച്ചും പരിചിതനെ പോലെ കേ‌ജ്‌രിവാൾ നീങ്ങുമ്പോൾ ഭാര്യ സുനിത ഒപ്പം തന്നെയുണ്ട്. പ്രതിസന്ധികൾക്കിടെ പാർട്ടിയെ താങ്ങിനിർത്തുന്ന പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും സഞ്ജയ് സിങ്ങും ഇടംവലം നിൽക്കുന്നു.

മടങ്ങാൻനേരം തൊട്ടടുത്തെ പ്രാചീന ശിവക്ഷേത്രത്തിലേക്കു കൂടി പോയി സാഷ്ടാംഗം നമസ്കരിച്ച ശേഷമാണ് കേജ്‌രിവാൾ ജാമ്യകാലത്തെ ആദ്യ രാഷ്ട്രീയ പരിപാടിക്കിറങ്ങിയത്. 

പാർട്ടി ആസ്ഥാനത്ത് പത്രസമ്മേളനമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും സദസ്സ് പ്രവർത്തകരെ കൊണ്ടു നിറഞ്ഞിരുന്നതിനാൽ ഫലത്തിൽ പാർട്ടി സമ്മേളനമായി. രാജ്യതലസ്ഥാനം ഭരിക്കുന്ന പാർട്ടിയെങ്കിലും ദീൻദയാൽ ഉപാധ്യായ മാർഗിലെ ഓഫിസിൽ പരിമിത സൗകര്യങ്ങൾ മാത്രം.

ജയിലഴികൾക്കു പിന്നിൽ നിന്നു തീക്ഷ്ണമായി നോക്കുന്ന കേജ്‌രിവാളിന്റെ ചിത്രങ്ങൾ സദസ്സിലാകെ നിറച്ചിരിക്കുന്നു. അതിഷി അടക്കം പാർട്ടിയിലെയും മന്ത്രിസഭയിലെയും പ്രമുഖർ നിരന്നിരുന്ന വേദിയിലേക്കു വിനീതനായി ‘ദില്ലി കെ ലോക്പ്രിയ മുഖ്യമന്ത്രി’ എത്തി. കേജ്‌രിവാളിന്റെ അസാന്നിധ്യത്തിൽ ആപ്പിന്റെ വേദികളിൽ നിറഞ്ഞു നിന്ന ഭാര്യ സുനിത വേദിയിലേക്കു വരാതിരുന്നത് കൗതുകമായി.

ആദ്യം ഭഗവന്ത് മാനിന്റെ തീപ്പൊരി പ്രസംഗം. സദസ്സുമായി സംവദിച്ചുള്ള ആ ചിരിയിൽ ജനം 38 ഡിഗ്രി ചൂടിനെക്കുറിച്ചു മറന്നു. ശേഷം ചൂടുള്ള പ്രസംഗവുമായി കേജ്‌രിവാൾ വേദിയെ ഇളക്കിമറിച്ചു. ‌‌‘ബിജെപിക്ക് സീറ്റെണ്ണം എവിടെ കൂടാനാണ്? കുറയാനേ ഉള്ളൂ. ആം ആദ്മി കൂടി ഭാഗമായ ഇന്ത്യാസഖ്യം ജൂൺ 4ന് അധികാരത്തിൽ വരും.’

ജയിൽകാലം തയാറെടുപ്പിനായി കേജ്‌രിവാൾ ശരിക്കും ഉപയോഗിച്ചതു പോലെ. വാക്കുകൾക്കു കൂടുതൽ മൂർച്ച. രാഷ്ട്രീയ വിഷയങ്ങൾ വഴിതിരിച്ചുവിടുന്നതിൽ കൗശലം. അണികൾക്ക് ആവേശം. 200 മീറ്റർ മാത്രം അകലെയുള്ള ബിജെപി ദേശീയ ഓഫിസിലേക്ക് എത്തുംവിധം ആപ് അണികളുടെ മുദ്രാവാക്യം വിളി.

ഉച്ചഭക്ഷണവും നേതാക്കളുമായുള്ള ആശയവിനിമയവും കഴിഞ്ഞു വൈകിട്ട് ആം ആദ്മി പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ റോഡ് ഷോ. സ്വന്തം പരിപാടികൾ റദ്ദാക്കി കേജ്‌രിവാളിനൊപ്പം തന്നെ നിൽക്കുന്ന ഭഗവന്ത് സിങ് മാൻ പഞ്ചാബി സ്റ്റൈൽ നൃത്ത ചുവടുമായി അണികൾക്ക് ആവേശമായി. കഴിഞ്ഞ രാത്രി ഡൽഹിയിൽ അപ്രതീക്ഷിതമായി വീശിയടിച്ച പൊടിക്കാറ്റിനെ കേജ്‌രിവാളിന്റെ തിരിച്ചുവരവുമായി സാക്ഷ്യപ്പെടുത്തി അനൗൺസ്മെന്റ് വാഹനം നീങ്ങി.

English Summary:

Arvind Kejriwal's second start

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com