ഗർഭകാലസ്മരണകളുടെ തലക്കെട്ടിൽ ‘ബൈബിൾ’; കരീനയ്ക്ക് നോട്ടിസ്
Mail This Article
ഭോപാൽ ∙ ഗർഭകാലസ്മരണകളുടെ തലക്കെട്ടിൽ ‘ബൈബിൾ’ എന്നുപയോഗിച്ചതിന് ബോളിവുഡ് താരം കരീന കപൂറിനു മധ്യപ്രദേശ് ഹൈക്കോടതിയുടെ നോട്ടിസ്. ‘കരീന കപൂർ ഖാൻസ് പ്രഗ്‌നൻസി ബൈബിൾ’ എന്നു പുസ്തകത്തിനു പേരിട്ടതിനെതിരെ ജബൽപുരിലെ അഭിഭാഷകൻ ക്രിസ്റ്റഫർ ആന്തണിയുടെ ഹർജിയിലാണു നടപടി. നടിക്കും പുസ്‌തകപ്രസാധകർക്കുമെതിരെ കേസെടുക്കാനും നിർദേശിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് ബൈബിൾ എന്ന വാക്ക് തലക്കെട്ടിൽ ഉപയോഗിച്ചതെന്ന് കരീന വിശദീകരിക്കണം. പുസ്തകത്തിന്റെ വിൽപന തടയണമെന്ന ആവശ്യത്തിൽ പ്രസാധകർക്കും നോട്ടിസ് അയച്ചു. ഗർഭകാലസ്മരണകളുടെ തലക്കെട്ടിൽ ‘ബൈബിൾ’ എന്നുപയോഗിക്കുന്നത് ക്രിസ്ത്യൻ സമൂഹത്തിന്റെ വികാരങ്ങൾക്കു മുറിവേൽപിക്കുമെന്നാണ് ഹർജിക്കാരന്റെ വാദം. പ്രശസ്തിക്കുവേണ്ടിയുള്ള തരംതാണ നീക്കമാണെന്നും ആരോപിച്ചു.
2021 ഓഗസ്റ്റിലാണ് കരീന(43)യുടെ സ്മരണകൾ പ്രസിദ്ധീകരിച്ചത്. ഗർഭകാല അനുഭവങ്ങളും ആഹാരരീതികളിൽ വിദഗ്ധോപദേശവും ഉൾപ്പെടെ ഗർഭിണികൾക്കുള്ള കൈപ്പുസ്തകമായാണ് നടിയുടെ ഓർമക്കുറിപ്പുകൾ വിപണിയിലെത്തിയത്.