ഇന്റർനെറ്റ് തിരച്ചിൽ: ഗൂഗിളിനെ വെല്ലുന്ന പുതുമകൾ സൂചിപ്പിച്ച് ഓപ്പൺഎഐ
Mail This Article
ന്യൂഡൽഹി ∙ ഗൂഗിൾ സേർച് എൻജിന് കടുത്ത വെല്ലുവിളി ഉയർത്താൻ ചാറ്റ്ജിപിടിയുടെ സ്രഷ്ടാക്കളായ ഓപ്പൺഎഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി ഇന്റർനെറ്റിൽനിന്ന് കൂടുതൽ എളുപ്പത്തിൽ വിവരങ്ങൾ തിരയാനുള്ള സംവിധാനം ഓപ്പൺഎഐ അടുത്ത ദിവസം അവതരിപ്പിക്കുമെന്നാണ് അഭ്യൂഹം. ചാറ്റ്ജിപിടിയുടെ പുതിയ അപ്ഡേറ്റുകൾ പങ്കുവയ്ക്കാനായി നാളെ വൈകിട്ട് ഓപ്പൺഎഐ വിഡിയോ ലൈവ് സ്ട്രീമിങ് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഗൂഗിളിന്റെ പുതിയ പ്രഖ്യാപനങ്ങൾ നടത്തുന്ന ഗൂഗിൾ ഐഒ ചടങ്ങ് നടക്കുന്ന അതേ ദിവസമാണ് ഓപ്പൺഎഐയുടെ പ്രഖ്യാപനവും.
എന്താണ് അപ്ഡേറ്റ് എന്ന് ഓപ്പൺഎഐ വ്യക്തമാക്കിയിട്ടില്ല. ചാറ്റ് ജിപിടിയുടെ അഞ്ചാം പതിപ്പ്, സേർച് എൻജിൻ തുടങ്ങിയവയല്ല പ്രഖ്യാപനത്തിലുള്ളതെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്മാൻ പറഞ്ഞുകഴിഞ്ഞു. എന്നാൽ പുതിയ അപ്ഡേറ്റ് തന്നെ സംബന്ധിച്ച് മാജിക് പോലെയാണ് അനുഭവപ്പെട്ടതെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. അതെന്താകുമെന്ന ആകാംക്ഷയിലാണ് ടെക് ലോകം.
നിലവിൽ ഒരു കീവേഡ് സേർച് ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട വിവിധ സൈറ്റുകളുടെ ലിങ്കുകളാണ് ഗൂഗിൾ നമുക്ക് തരുന്നത്. അതിൽ നിന്ന് ഏറ്റവും ഉചിതമായത് നമ്മൾ തന്നെ കണ്ടെത്തണം. ഇതിനു പകരം, ചോദിക്കുന്ന ചോദ്യത്തിന് കൃത്യമായ മറുപടി തന്നെ തരുന്ന സേർച് സംവിധാനമാണ് ഓപ്പൺഎഐ കൊണ്ടുവരുന്നതെന്നാണ് റിപ്പോർട്ട്.