ADVERTISEMENT

ന്യൂഡൽഹി ∙ 75 വയസ്സ് പിന്നിട്ടാൽ നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഒഴിയുമെന്നും പകരം അമിത് ഷാ വരുമെന്നും അനുമാനിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിരഞ്ഞെടുപ്പു രാഷ്ട്രീയ ചർച്ചകൾ വഴിതിരിച്ചുവിട്ടു. രാജ്യം നാളെ നാലാം ഘട്ട വോട്ടെടുപ്പിന് ഒരുങ്ങുമ്പോഴാണ്, ജയിലിൽ നിന്നിറങ്ങിയ ശേഷമുള്ള ആദ്യ യോഗത്തിൽതന്നെ കേജ്‌രിവാൾ കളം നിറഞ്ഞത്. 

ജയിച്ചാലും മോദി അടുത്ത വർഷം വരെ മാത്രമേ പ്രധാനമന്ത്രി പദത്തിലുണ്ടാകുവെന്നും മോദി വോട്ടു തേടുന്നത് അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണെന്നും കേജ്‌രിവാൾ പറഞ്ഞു. അതിനായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഒതുക്കാനുള്ള ശ്രമം അണിയറയിൽ നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. 

പിന്നാലെ വിശദീകരണവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. ബിജെപിയുടെ ഭരണഘടനയിൽ 75 വയസ്സെന്ന പരിധിയില്ലെന്നും ഇക്കാര്യത്തിൽ പാർട്ടിക്ക് ആശയക്കുഴപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. മോദി കാലാവധി പൂർത്തിയാക്കുമെന്നും ഭാവിയിലും അദ്ദേഹം തന്നെ ഇന്ത്യയെ നയിക്കുമെന്നും അമിത് ഷാ മറുപടി നൽകി. 

ഇന്നലെ രാവിലെ ഹൈദരാബാദിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും സമാന വിഷയം ഉന്നയിച്ചിരുന്നു. മോദി 75–ാം വയസ്സിൽ വിരമിക്കാൻ തയാറാണോയെന്നായിരുന്നു ചോദ്യം. 

‘മോദി ഗാരന്റികൾ എന്താകും?’ 

ഇന്ത്യാസഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെ കുറിച്ചു ചോദ്യമുന്നയിക്കുന്നവരോടു തിരിച്ചു ചോദിക്കാൻ ആഗ്രഹിക്കുന്നുവെന്ന മുഖവുരയോടെയാണു കേജ്‌രിവാൾ വിഷയം ഉന്നയിച്ചത്. ‘ആരാണ് നിങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർഥി. മോദിക്ക് അടുത്ത വർഷം സെപ്റ്റംബർ 17ന് 75 വയസ്സ് തികയും.

75 വയസ്സു പിന്നിട്ടവർ ഒഴിയണമെന്ന വ്യവസ്ഥ അദ്ദേഹം തന്നെ 2014 ൽ കൊണ്ടുവന്നു. എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, സുമിത്ര മഹാജൻ എന്നിവരെല്ലാം ഈ രീതിയിൽ വിരമിച്ചു. അദ്ദേഹം അടുത്ത വർഷം വിരമിക്കും. അമിത് ഷായ്ക്കു വേണ്ടിയാണ് അദ്ദേഹം വോട്ടുതേടുന്നത്. മോദി നൽകുന്ന ഗാരന്റികൾ അമിത് ഷായ്ക്കു പൂർത്തിയാക്കാൻ കഴിയുമോ?’– കേജ്‌രിവാൾ ചോദിച്ചു. 

മദ്യനയക്കേസുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ കസ്റ്റഡിയിലും ജയിലിലുമായി 50 ദിവസം കഴിഞ്ഞ കേജ്‌രിവാളിന് സുപ്രീം കോടതി വെള്ളിയാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 

‘വീണ്ടും ബിജെപിയെങ്കിൽ പിണറായി ഉൾപ്പെടെ ജയിലിൽ’ 

ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ പ്രതിപക്ഷത്തെ മറ്റു മുഖ്യമന്ത്രിമാരായ മമത ബാനർജി, പിണറായി വിജയൻ, നേതാക്കളായ ഉദ്ധവ് താക്കറെ, തേജസ്വി യാദവ് തുടങ്ങിയവരെയെല്ലാം ജയിലിലടയ്ക്കുമെന്നു കേജ്‌രിവാൾ പറഞ്ഞു. ഇന്ത്യാസഖ്യം ജൂൺ 4നു സർക്കാർ രൂപീകരിക്കുമ്പോൾ ആംആദ്മി പാർട്ടി അതിൽ ഭാഗമാകും. ഡൽഹിക്കു പൂർണ സംസ്ഥാന പദവി കിട്ടുമെന്നും കേജ്‌രിവാൾ പറഞ്ഞു. 

75 വയസ്സിലെ വിരമിക്കൽ എഴുതപ്പെടാത്ത വ്യവസ്ഥ 

75 വയസ്സ് കഴിഞ്ഞ നേതാക്കൾക്കു ഭരണഘടനാപദവികൾ നൽകേണ്ടെന്ന എഴുതപ്പെടാത്ത വ്യവസ്ഥ 2014 ൽ നരേന്ദ്ര മോദി ബിജെപി കേന്ദ്ര നേതൃത്വത്തിലേക്കു വന്നതോടെയാണു രൂപപ്പെട്ടത്. 2014 ലെ തിരഞ്ഞെടുപ്പിൽ പല മുതിർന്ന നേതാക്കൾക്കും സീറ്റ് കിട്ടിയില്ല.

കർണാടകയിൽ ബി.എസ്.യെഡിയൂരപ്പ 78 വയസ്സുവരെ മുഖ്യമന്ത്രിയായി തുടർന്നതൊഴികെ എൽ.കെ. അഡ്വാനിയും സുമിത്ര മഹാജനും ആനന്ദി ബെന്നും വരെ ഈ മാനദണ്ഡപ്രകാരം മാറി. 75 വയസ്സിനു മുകളിലുള്ളവർ മത്സരിക്കേണ്ടെന്നതില്ലെന്ന തീരുമാനം പാർട്ടി നയമായി സ്വീകരിച്ചിട്ടുണ്ടെന്ന് അമിത് ഷാ നേരത്തേ പരസ്യമായി സമ്മതിച്ചിട്ടുണ്ട്.

English Summary:

Will Narendra Modi change after seventy five

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com