96 മണ്ഡലങ്ങളിൽ പാർട്ടിക്കോട്ട 20 എണ്ണം മാത്രം; നാലാം ഘട്ടത്തിലെ ചാഞ്ചാട്ടപ്പോരിൽ നേട്ടമാർക്ക്?
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പു നാളെ 96 മണ്ഡലങ്ങളിൽ നടക്കുമ്പോൾ മുൻഘട്ടങ്ങളെക്കാൾ ഇഞ്ചോടിഞ്ചു പോരാട്ടം ഉറപ്പാണ്. ബിജെപിയും ഇന്ത്യാസഖ്യവും തമ്മിലായിരുന്നു 3 ഘട്ടങ്ങളിലെ പ്രധാന പോരെങ്കിൽ ഇക്കുറി വൈഎസ്ആർ കോൺഗ്രസ്, ടിഡിപി, ബിആർഎസ്, ബിജെഡി എന്നീ പ്രാദേശികശക്തികൾ കൂടി കളം നിറയുന്നു. ഈ ഘട്ടത്തിലുള്ള 11 സീറ്റുകളിൽ കഴിഞ്ഞതവണ ഒരു ശതമാനത്തിൽ താഴെ വോട്ടുകൾക്കാണു ഫലം നിർണയിക്കപ്പെട്ടത്. 40 ശതമാനത്തിലേറെയെന്ന കൂറ്റൻ മാർജിനോടെ ജയം ഒരു മണ്ഡലത്തിലുമുണ്ടായില്ല.
മാറിമറിയുന്ന ഫലം
2009 മുതലുള്ള 3 തിരഞ്ഞെടുപ്പുകളിലും ഒരേ പാർട്ടി വിജയക്കൊടി പാറിച്ച ഒട്ടേറെ സീറ്റുകൾ മൂന്നാംഘട്ടത്തിലുണ്ടായിരുന്നു. നാലാം ഘട്ടത്തിൽ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. എപ്പോഴും ഫലം മാറിമറിയുന്ന 21 സീറ്റുകളുണ്ട്. തുടർച്ചയായി വിജയത്തിലൂടെ പാർട്ടിക്കോട്ട എന്ന ഗണത്തിലുള്ളത് 20 സീറ്റുകൾ മാത്രമാണ്. അതിൽ 10 എണ്ണവും ബിജെപിയുടെ പോക്കറ്റിലാണ്. കോൺഗ്രസ്, ബിആർഎസ്, ശിവസേന, തൃണമൂൽ എന്നിവയുടെ കോട്ടകളെന്നു വിശേഷിപ്പിക്കാവുന്ന 2 വീതം സീറ്റുകളിലേക്കും ഇക്കുറി തിരഞ്ഞെടുപ്പു നടക്കുന്നു. ഹൈദരാബാദ് (എഐഎംഐഎം), ബ്രഹ്മപുർ (ബിജെഡി) എന്നിവയും കഴിഞ്ഞ 3 തിരഞ്ഞെടുപ്പുകളിലും ഒരേ പാർട്ടി ജയിച്ച മണ്ഡലങ്ങളാണ്.
വളർച്ചയും തളർച്ചയും
മികച്ച വിജയവുമായി യുപിഎ ഭരണത്തുടർച്ച നേടിയ 2009 ൽ കോൺഗ്രസിനൊപ്പം നിന്നതാണ് ഈ ഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന പകുതിയിലേറെ സീറ്റുകളും. 50 സീറ്റെന്ന ആ സ്വപ്നതുല്യ നേട്ടത്തിനു ശേഷമുള്ള 2 തിരഞ്ഞെടുപ്പുകളിൽ 3, 6 എന്ന നിലയിലേക്കു കോൺഗ്രസ് കൂപ്പുകുത്തി. 2009 ൽ 10 സീറ്റ് മാത്രമായിരുന്നു ബിജെപി പക്ഷത്തെങ്കിൽ 2014 ൽ അത് 38, 2019 ൽ 42 എന്നിങ്ങനെ വർധിച്ചു.
എല്ലാവർക്കും പ്രതീക്ഷ
ഉത്തരേന്ത്യയിൽ സീറ്റെണ്ണം കുറഞ്ഞാൽ അതു മറികടക്കാൻ ദക്ഷിണേന്ത്യയിൽ ബിജെപി ഏറ്റവും വലിയ സഖ്യപരീക്ഷണം നടത്തുന്ന ആന്ധ്രപ്രദേശ് ഈ ഘട്ടത്തിലാണ്. ടിഡിപിയും ജനസേനയുമായുള്ള സഖ്യത്തിലൂടെ നേട്ടമുണ്ടാക്കാമെന്നു ബിജെപി കരുതുമ്പോൾ, സ്വീകാര്യതയിൽ ഒരിടിവുമില്ലെന്ന ആത്മവിശ്വാസമാണ് വൈഎസ്ആർ കോൺഗ്രസിന്. കടപ്പ സീറ്റെങ്കിലും നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് വൈ.എസ്.ശർമിളയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്.
തെലങ്കാനയിൽ കോൺഗ്രസ് തികഞ്ഞ പ്രതീക്ഷയിലാണ്. 17 സീറ്റുള്ള ഇവിടെ രണ്ടക്കമാണു ലക്ഷ്യം. കഴിഞ്ഞ ഏതാനും തിരഞ്ഞെടുപ്പുകളായി വോട്ടുശതമാനം വർധിപ്പിക്കുന്ന ബിജെപി കൊണ്ടുപിടിച്ച പ്രചാരണത്തിലാണ്. രൂപീകരണം മുതൽ 10 വർഷം ഭരിച്ച ബിആർഎസ് അതിന്റെ ഏറ്റവും വലിയ ക്ഷീണാവസ്ഥയിലാണിപ്പോൾ.
യുപിയിലെ 13 സീറ്റുകളിൽ കൂടി ഈ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്നു. അതിൽ 9 എണ്ണവും 10–32% വോട്ടുകൾക്കു കഴിഞ്ഞതവണ ബിജെപി വിജയിച്ച സീറ്റുകളാണ്. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ഈ ഘട്ടത്തിൽ മത്സരരംഗത്തുള്ളത് ഇന്ത്യാസഖ്യത്തിനു പ്രതീക്ഷ നൽകുന്നു.
എൻസിപി, ശിവസേന എന്നിവയുടെ ബലപരീക്ഷണമാണു നാലാംഘട്ടത്തിലും മഹാരാഷ്ട്രയിൽ പ്രധാനം. ബംഗാൾ (8 സീറ്റ്), മധ്യപ്രദേശ് (8), ഒഡീഷ (4), ജാർഖണ്ഡ് (4), ബിഹാർ (5), ജമ്മു കശ്മീരിലെ ശ്രീനഗർ എന്നിവിടങ്ങളിലും ഈ ഘട്ടത്തിൽ വോട്ടെടുപ്പുണ്ട്.