ADVERTISEMENT

ന്യൂ‍ഡൽഹി ∙ ബിജെപിയിലെ വിരമിക്കൽ പ്രായം ഉന്നയിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും തുടക്കമിട്ട രാഷ്ട്രീയചർച്ചകൾക്കു മറുപടി നൽകേണ്ട തത്രപ്പാടിലാണു ബിജെപി നേതാക്കൾ. 75 വയസ്സു പിന്നിട്ടാൽ നരേന്ദ്ര മോദി പ്രധാനമന്ത്രി പദം ഒഴിയുമെന്നും പകരം അമിത് ഷാ വരുമെന്നുമുള്ള വിഷയം ഇന്നലെയും കേജ്‌രിവാൾ ഉയർത്തി.

ബിജെപിയുടെ ഭരണഘടനയിൽ 75 വയസ്സെന്ന പരിധിയില്ലെന്നും ഇക്കാര്യത്തിൽ പാർട്ടിക്ക് ആശയക്കുഴപ്പമില്ലെന്നും വിശദീകരിച്ചു കേന്ദ്രമന്ത്രി അമിത് ഷാ തന്നെ രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപിന്തുണയിൽ വലഞ്ഞ പ്രതിപക്ഷം പരാജയം ഉറപ്പിച്ചു കഴിഞ്ഞുവെന്നും അതിനാലാണ് ഇത്തരമൊരു പ്രചാരണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. മോദി വോട്ടു തേടുന്നത് അമിത് ഷായെ പ്രധാനമന്ത്രിയാക്കാനാണെന്നും അതിനായി യോഗി ആദിത്യനാഥിനെ ഒതുക്കാനുള്ള ശ്രമം അണിയറയിൽ നടക്കുന്നുവെന്നും കഴിഞ്ഞ ദിവസം കേജ്‌രിവാൾ ആരോപിച്ചിരുന്നു. ഇതിനു മറുപടിയുമായിട്ടാണു യോഗി രംഗത്തെത്തിയത്.

2014ൽ നരേന്ദ്രമോദി ബിജെപി കേന്ദ്രനേതൃത്വത്തിലേക്കു വന്നതോടെയാണു 75 വയസ്സു കഴിഞ്ഞ നേതാക്കൾക്കു ഭരണഘടനാ പദവികൾ നൽകേണ്ടെന്ന അലിഖിത വ്യവസ്ഥ രൂപപ്പെട്ടത്. പല മുതിർന്ന നേതാക്കളെയും ഈ പേരിൽ ഒഴിവാക്കി. 2019ലും അമിത് ഷാ ഇത് ആവർത്തിച്ചിരുന്നു.

75 എന്ന പ്രായപരിധിയിൽ ബിജെപി ഇളവു നൽകിയിട്ടുമുണ്ട്. കർണാടകയിൽ ബി.എസ്. യെഡിയൂരപ്പ 2018ൽ മുഖ്യമന്ത്രിയാകുമ്പോൾ 75 കഴിഞ്ഞിരുന്നു. ഗുജറാത്തിൽ യോഗേഷ് പട്ടേൽ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ 76 ആയിരുന്നു. മധ്യപ്രദേശിൽ ജഗന്നാഥ് സിങ് രഘുവംശിനും ഈ പ്രായത്തിനു ശേഷമാണു നിയമസഭാ തിരഞ്ഞെടുപ്പിൽ ടിക്കറ്റ് ലഭിച്ചത്.

∙ 60 പിന്നിട്ടവർ വിരമിക്കണമെന്നു 10 വർഷം മുൻപ് അമിത് ഷാ പ്രസംഗിച്ചിരുന്നു. ആർഎസ്എസ് താത്വികാചാര്യൻ നാനാജി ദേശ്മുഖിന്റെ അഭിപ്രായം ഉദ്ധരിച്ചായിരുന്നു ഇത്.

English Summary:

hot debate in BJP over retirement age after statement by Arvind Kejriwal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com