മോദിഗാരന്റിയും 400 സീറ്റും എവിടെപ്പോയി?: ഡെറിക് ഒബ്രയൻ
Mail This Article
തൃണമൂൽ കോൺഗ്രസിന്റെ ദേശീയ ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവും അറിയപ്പെടുന്ന ക്വിസ് മാസ്റ്ററുമാണ് ഡെറിക് ഒബ്രയൻ. തിരഞ്ഞെടുപ്പ് സാധ്യതകളെപ്പറ്റി ഒബ്രയൻ ‘മനോരമ’യോട്
Q ഇതുവരെയുള്ള വോട്ടെടുപ്പിനെ എങ്ങനെ വിലയിരുത്തുന്നു?
A പ്രചാരണത്തിന്റെ തുടക്കത്തിൽ കേട്ടു 400 സീറ്റെന്ന്. മാർച്ചിൽ കേട്ടു മോദിയുടെ ഗാരന്റിയെന്ന്. ഇപ്പോൾ 3 ഘട്ടം വോട്ടെടുപ്പു കഴിഞ്ഞപ്പോൾ രണ്ടും കേൾക്കാനില്ല. അതിൽനിന്ന് ഊഹിച്ചുകൂടേ? ബംഗാളിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അമിത് ഷാ പ്രവചിച്ചത് ബിജെപിക്ക് 200 സീറ്റ് കിട്ടുമെന്ന്. കിട്ടിയതോ? 70. അതായത് മൂന്നിലൊന്ന്. അതുവച്ച് കണക്കുകൂട്ടൂ. ഷാ ഇപ്പോൾ 35 എന്ന് പറയുന്നു. അതിന്റെ മൂന്നിലൊന്നാകും അവർക്കു കിട്ടുക.
Q സന്ദേശ്ഖലി വിവാദം നിങ്ങളെ ബാധിക്കില്ലേ?
A അവരെ ബാധിക്കും. അവർ തട്ടിക്കൂട്ടിയെടുത്തതാണെന്ന് വിഡിയോ വന്നില്ലേ? സ്ത്രീകളെ അവരല്ലേ അപമാനിച്ചത്? നാരീശക്തിയെക്കുറിച്ച് പറയുന്നവരുടെ ഭരണത്തിൻ നടന്നതോ? ഹത്രസ്, ഉന്നാവ്, കഠ്‌വ, ബിൽക്കിസ് ബാനോ, ബ്രിജ്ഭൂഷൺ സിങ്, പ്രജ്വൽ രേവണ്ണ..
Q ഹിന്ദു–മുസ്‌ലിം വിഭജനത്തിനാണോ ബിജെപി ശ്രമിക്കുന്നത്?
A കേരളത്തിലും ബംഗാളിലും അത് സാധ്യമല്ല. അവർക്ക് ബംഗാളിനെ അറിഞ്ഞുകൂടാ. ബാലൂർഘട്ട് എന്ന മണ്ഡലത്തെ അമിത് ഷാ വിളിക്കുന്നത് ബേലൂർഘട്ട് എന്ന്. പിന്നെ പറയുന്നു ടഗോർ ജനിച്ചത് ശാന്തി നികേതനിലെന്ന്. ബംഗാളികൾക്ക് മതവിശ്വാസം വ്യക്തിപരവും ഉത്സവം എല്ലാവരുടേതുമാണ്. ദുർഗാപൂജ നോക്കൂ. നിങ്ങളുടെ ഓണം പോലെ. അതുപോലെ തന്നെ ഈദും ക്രിസ്മസും. എന്നെ നോക്കൂ – മുസ്‌ലിം പേരുള്ള തെരുവിലെ ഹിന്ദുകുടുംബങ്ങൾക്കിടയിലെ ക്രിസ്തീയ കുടുംബത്തിലാണു ജനിച്ചത്. അതൊന്നും മോദിക്ക് മനസ്സിലാവില്ല.
Q നിങ്ങൾ ഇന്ത്യാ സഖ്യത്തിലുണ്ടോ? ബംഗാളിൽ പരസ്പരം മത്സരമല്ലേ?
A സഖ്യത്തിന്റെ എല്ലാ യോഗത്തിലും ഞങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. പക്ഷേ ഇവിടെ ഇടതുമായി ഒരുമിച്ചുപോകാൻ ഞങ്ങൾക്കാവില്ല.