വിഡിയോ പ്രചരിപ്പിച്ചത് സ്വന്തം മുന്നണിക്കാർ; പ്രജ്വൽ കേസിൽ ബിജെപി–ദൾ സഖ്യം വെട്ടിൽ
Mail This Article
ബെംഗളൂരു∙ ജനതാദൾ എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗിക വിഡിയോകൾ പ്രചരിപ്പിച്ചതിനെക്കുറിച്ചുള്ള വിവാദം ബിജെപി–ദൾ സഖ്യത്തിനു തന്നെ തിരിച്ചടിയാകുന്നു. കേസിൽ ബിജെപി പ്രവർത്തകർ അറസ്റ്റിലായതിനു പിന്നാലെ, വിഡിയോകൾ ഏപ്രിൽ 21നുതന്നെ ദൾ എംഎൽഎ എ.മഞ്ജുവിനു കൈമാറിയതായി പ്രതികളിലൊരാളായ നവീൻ ഗൗഡ വെളിപ്പെടുത്തി.
അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിൽ തനിക്കും പങ്കുണ്ടെന്ന ആരോപണം തള്ളിയ മഞ്ജു നവീനെതിരെ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) പരാതി നൽകി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രജ്വലിനെതിരെ ബിജെപി ടിക്കറ്റിൽ മത്സരിച്ച മഞ്ജു പരാജയപ്പെട്ടിരുന്നു. വിഡിയോകൾ വൻതോതിൽ പ്രചരിപ്പിച്ചതിന് ഹാസൻ മുൻ എംഎൽഎ പ്രീതം ഗൗഡയുടെ അനുയായികളും ബിജെപി പ്രവർത്തകരുമായ 2 പേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പൊട്ടിക്കരഞ്ഞ് രേവണ്ണ; തടിച്ചുകൂടി പ്രവർത്തകർ
അറസ്റ്റിലായി 10 ദിവസത്തിനു ശേഷം ഉപാധികളോടെ ജാമ്യം ലഭിച്ച പ്രജ്വലിന്റെ പിതാവും ദൾ എംഎൽഎയുമായ എച്ച്.ഡി.രേവണ്ണ ജയിൽ മോചിതനായി. പാരപ്പന അഗ്രഹാര ജയിലിനു പുറത്ത് ദൾ പ്രവർത്തകരുടെ സ്വീകരണത്തിനു ശേഷം പിതാവും പാർട്ടി ദേശീയ അധ്യക്ഷനുമായ ദേവെഗൗഡയുടെ വീട്ടിലേക്കാണ് പോയത്. രേവണ്ണ പൊട്ടിക്കരഞ്ഞതായി ദൾ വർക്കിങ് പ്രസിഡന്റ് സ.ര. മഹേഷ് പറഞ്ഞു.
പ്രജ്വൽ പീഡിപ്പിച്ച സ്ത്രീയെ അനുയായികളെ ഉപയോഗിച്ചു തട്ടിക്കൊണ്ടു പോയെന്ന കേസിൽ, ദേവെഗൗഡയുടെ വീട്ടിൽ നിന്നായിരുന്നു രേവണ്ണ 4 ന് അറസ്റ്റിലായത്. ഈ കേസിൽ പ്രജ്വലിനും രേവണ്ണയ്ക്കുമെതിരെ ബലാത്സംഗക്കുറ്റം കൂടി ചുമത്തിയിട്ടുണ്ട്. വീട്ടുജോലിക്കാരിയുടെ പീഡന പരാതിയിലും ഇരുവരും പ്രതികളാണ്. ഇവയുൾപ്പെടെ 3 പീഡനക്കേസുകളാണ് പ്രജ്വലിനെതിരെ റജിസ്റ്റർ ചെയ്തിട്ടുള്ളത്.
പൊലീസ് പോലും ഭയക്കുന്നു രേവണ്ണ കുടുംബത്തെ
പ്രജ്വൽ പകർത്തിയ ദൃശ്യങ്ങളിൽ ഉൾപ്പെട്ട സ്ത്രീകൾ പരാതി നൽകാൻ മുന്നോട്ടുവരാത്തത് അന്വേഷണത്തിന് തടസ്സമാകുകയാണ്. വിഡിയോകളിൽ ഉൾപ്പെട്ട 25 സ്ത്രീകളെങ്കിലും എസ്ഐടിക്ക് മൊഴി നൽകിയെങ്കിലും പരാതി റജിസ്റ്റർ ചെയ്യാൻ സന്നദ്ധരല്ല.
രേവണ്ണയുടെ കുടുംബത്തിന്റെ രാഷ്ട്രീയ സ്വാധീനവും അതിജീവിതകളെ ഭയപ്പെടുത്തുന്നുണ്ട്. ‘ഹാസൻ റിപ്പബ്ലിക്’ എന്നറിയപ്പെടുന്ന ജില്ലയിൽ പൊലീസ് ഉദ്യോഗസ്ഥർ പോലും ഈ കുടുംബത്തിന്റെ സ്വാധീന വലയത്തിലാണെന്ന് ആക്ഷേപമുണ്ട്. പീഡനത്തിനു ശേഷം പ്രജ്വൽ പകർത്തിയ ദൃശ്യങ്ങളിൽ ഒരു പൊലീസ് ഉദ്യോഗസ്ഥയും ഉൾപ്പെട്ടിട്ടുമുണ്ട്.