വൈറ്റ് ഹൗസ് ആക്രമണം: ഇന്ത്യൻ യുവാവ് കുറ്റക്കാരൻ; ശിക്ഷ ഓഗസ്റ്റ് 23ന്
Mail This Article
വാഷിങ്ടൻ ∙ യുഎസിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാനായി ട്രക്ക് വാടകയ്ക്കെടുത്ത് കഴിഞ്ഞ വർഷം മേയ് 22ന് വൈറ്റ് ഹൗസ് ആക്രമിച്ച ഇന്ത്യൻ യുവാവ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ ഓഗസ്റ്റ് 23ന് വിധിക്കും.
നാത്‍സി ആശയങ്ങളിൽ ആകൃഷ്ടനായി സായി വർഷിത് കണ്ടുല എന്ന 20 വയസ്സുകാരനാണ് അക്രമം കാട്ടിയത്. യുഎസിൽ സ്ഥിരതാമസ പദവിയുള്ള ഇയാൾ മിസോറിയിലെ സെന്റ് ലൂയിസിൽ നിന്ന് മേയ് 22ന് വൈകിട്ട് വാഷിങ്ടനിലെ ഡാലസ് രാജ്യാന്തരവിമാനത്താവളത്തിലെത്തി.
അവിടെനിന്ന് ഒരു ട്രക്ക് വാടകയ്ക്കെടുത്ത് വൈറ്റ് ഹൗസിന്റെ നോർത്ത് വെസ്റ്റ് എച്ച് സ്ട്രീറ്റിലെ സുരക്ഷാ ബാരിയറുകൾ തകർത്ത് ഗേറ്റിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. 2 തവണ ഗേറ്റിലിടിച്ച ട്രക്ക് തകരാറിലായപ്പോൾ ഇയാൾ പുറത്തിറങ്ങി നാത്‍സി കൊടി വീശി മുദ്രാവാക്യം മുഴക്കുന്നതിനിടെ സുരക്ഷാസേന കീഴടക്കി അറസ്റ്റ് ചെയ്തു. ആക്രമണത്തിന് ഇയാൾ പലതവണ പദ്ധതിയിട്ടതിന്റെ വിവരങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു.