ADVERTISEMENT

ന്യൂഡൽഹി ∙ മദ്യനയ അഴിമതിക്കേസിൽ ആംആദ്മി പാർട്ടിയെ (എഎപി) പ്രതിചേർക്കുമെന്നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചു. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്. കേസിലെ അനുബന്ധ കുറ്റപത്രത്തിൽ എഎപിയെയും പ്രതിചേർക്കുമെന്ന് ഇ.ഡിക്കു വേണ്ടി ഹാജരായ സുഹൈബ് ഹുസൈൻ പറഞ്ഞു. ഹർജിയിൽ വാദം പൂർത്തിയാക്കിയ ജസ്റ്റിസ് സ്വർണകാന്ത ശർമ വിധി പറയാൻ മാറ്റി. 

കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ 70–ാം ചട്ടം അനുസരിച്ചു രാഷ്ട്രീയ പാർട്ടിയെ പ്രതിചേർക്കാൻ ആലോചിക്കുന്നതായി നേരത്തെ അന്വേഷണ ഏജൻസി സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. നേരത്തെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജി തള്ളിയപ്പോൾ, രാഷ്ട്രീയ പാർട്ടികളെ കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാമെന്നു ജസ്റ്റിസ് സ്വർണകാന്ത ശർമ നിരീക്ഷിച്ചിരുന്നു. 

സിബിഐയും ജാമ്യം നൽകുന്നതിനെ എതിർത്തു. അതേസമയം, അന്വേഷണ ഏജൻസികൾ ഇപ്പോഴും കേസിൽ അറസ്റ്റുകൾ നടത്തുകയാണെന്നും കേസിലെ വിചാരണ വേഗത്തിൽ പൂർത്തിയാകുന്ന സാഹചര്യമില്ലെന്നും സിസോദിയയുടെ അഭിഭാഷകൻ വാദിച്ചു. ‘നേരത്തെ ജാമ്യാപേക്ഷ തള്ളിയ ശേഷം 3 പേർക്കു സുപ്രീം കോടതിയിൽ നിന്ന് ഇളവു ലഭിച്ചു.15 മാസത്തോളമായി ജയിലിലാണ്. ജാമ്യം ലഭിച്ചു പുറത്തെത്തിയാലും കേസന്വേഷണത്തെ സ്വാധീനിക്കുന്ന സാഹചര്യമില്ല’– സിസോദിയയ്ക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മോഹിത് മാഥുർ പറഞ്ഞു.

English Summary:

Aam Aadmi Party to be accused in liquor corruption case says Enforcement Directorate in High Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com