ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ 3 ഘട്ടം കൂടി ബാക്കിനിൽക്കെ, വിവാദ പൗരത്വ നിയമ ഭേദഗതി (സിഎഎ) പ്രകാരം രാജ്യത്ത് മുന്നൂറിലേപേർക്ക് കേന്ദ്രസർക്കാർ ഇന്ത്യൻ പൗരത്വം നൽകി. ആദ്യമായാണ് സിഎഎ പ്രകാരം രാജ്യത്തു പൗരത്വം നൽകുന്നത്. ഡൽഹിയിൽ പൗരത്വം ലഭിച്ച 14 പേർക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാർ ഭല്ല നേരിട്ട് പൗരത്വ സർട്ടിഫിക്കറ്റുകൾ കൈമാറി. ഇതോടെ സിഎഎ രാജ്യത്തു പ്രാവർത്തികമായി. 

പാക്കിസ്ഥാൻ, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഇസ്‍ലാം ഒഴികെ 6 മതങ്ങളിൽപെട്ടവർക്കാണ് സിഎഎ പ്രകാരം ഇന്ത്യൻ പൗരത്വം നൽകുന്നത്. പൗരത്വ വിഷയം ഏറെ ചർച്ചയായ ഡൽഹി, യുപി, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വോട്ടിങ് നിർണായകഘട്ടത്തിലേക്കു നീങ്ങാനിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം. വലിയ സംസ്ഥാനങ്ങളായ യുപിയിൽ 41 സീറ്റിലും ബംഗാളിൽ 24 സീറ്റിലും തിരഞ്ഞെടുപ്പ് നടക്കാനുണ്ട്.

മമത ബാനർജിക്ക് സിഎഎ നടപ്പാക്കുന്നത് തടയാനാവില്ലെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളിൽ പ്രഖ്യാപിച്ചതിന്റെ പിറ്റേന്നാണ് പൗരത്വ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. ബംഗാളിലെ മാട്ടുവ വിഭാഗത്തിനു പൗരത്വം നൽകുമെന്ന ഉറപ്പും ചൊവ്വാഴ്ച അമിത് ഷാ നൽകിയിരുന്നു.

മതാടിസ്ഥാനത്തിൽ പൗരത്വം അനുവദിക്കുന്നതിനുള്ള നിയമ ഭേദഗതി 2019 ലാണ് പാർലമെന്റ് പാസാക്കിയത്. 2019 ഡിസംബർ 12ന് രാഷ്ട്രപതിയുടെ അംഗീകാരത്തോടെ വിജ്ഞാപനം ചെയ്തതു മുതൽ പ്രാബല്യത്തിലായി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ 6 ദിവസം മാത്രം ബാക്കിനിൽക്കെ, കഴിഞ്ഞ മാർച്ച് 11നാണ് സിഎഎ നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ കേന്ദ്രം വിജ്ഞാപനം ചെയ്തത്.

സുപ്രീം കോടതിയിൽ അടിയന്തരമായി ഉന്നയിക്കപ്പെട്ടേക്കും 

ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് സിഎഎ ചട്ടങ്ങൾ ധൃതിപിടിച്ചു നടപ്പാക്കുന്നുവെന്ന ആരോപണം കഴിഞ്ഞ മാർച്ചിൽ സുപ്രീം കോടതി മുൻപാകെ എത്തിയെങ്കിലും സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിച്ചില്ല. പൗരത്വം നൽകുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങൾ ആയിട്ടില്ലെന്ന കേന്ദ്രത്തിന്റെ വാദം അംഗീകരിച്ചുകൊണ്ടാണ് അടിയന്തര ഇടപെടൽ കോടതി ഒഴിവാക്കിയത്. ഇതേസമയം, കേസ് വീണ്ടും പരിഗണിക്കുന്നതിനിടെ പൗരത്വം അനുവദിക്കുന്ന നടപടി കേന്ദ്ര സർക്കാരിൽനിന്നുണ്ടായാൽ സുപ്രീംകോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം ഹർജിക്കാർ ആവശ്യപ്പെടുകയും കോടതി അതിനോടു യോജിക്കുകയും ചെയ്തിരുന്നു.

English Summary:

Indian citizenship for three hundred people under CAA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com