അമിത് ഷായ്ക്ക് തടസ്സം യോഗി, ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ മാറ്റും: കേജ്‌രിവാൾ
Mail This Article
ലക്നൗ ∙ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ യുപി മുഖ്യമന്ത്രി സ്ഥാനത്തു നിന്നു യോഗി ആദിത്യനാഥിനെ ഒഴിവാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രധാനമന്ത്രിയാക്കുമെന്നുമുള്ള വാദം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആവർത്തിച്ചു. ‘അമിത് ഷായുടെ വഴിയിൽ ആരെങ്കിലും തടസ്സമായിട്ടുണ്ടെങ്കിൽ അതു യോഗി ആദിത്യനാഥാണ്. അതിനാൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ 2 മാസത്തിനുള്ളിൽ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റും’– കേജ്‌രിവാൾ പറഞ്ഞു.
തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഉത്തർപ്രദേശിലെത്തിയ അദ്ദേഹം സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനൊപ്പം മാധ്യമങ്ങളെ കണ്ടപ്പോഴാണ് തന്റെ വാദം ആവർത്തിച്ചത്. സംവരണം ഇല്ലാതാക്കാൻ വേണ്ടിയാണു ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 നു മുകളിൽ സീറ്റിനു വേണ്ടി ബിജെപി ശ്രമിക്കുന്നത്. ബിജെപി നേതാക്കൾ എക്കാലവും സംവരണത്തിന് എതിരാണ്.
വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടനയിലെ നിർദേശങ്ങൾ മാറ്റിയെഴുതുകയും പട്ടികജാതി–വർഗ, ഒബിസി സംവരണങ്ങൾ ഇല്ലാതാക്കുകയും ചെയ്യും. വീണ്ടും അധികാരത്തിലെത്തിയാൽ വലിയ കാര്യങ്ങൾ ചെയ്യുമെന്നാണു ബിജെപി പറയുന്നത്. അവർ പറയുന്ന വലിയ കാര്യം ഈ സംവരണം ഇല്ലാതാക്കലാണ്– അദ്ദേഹം വിമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത വർഷം 75 വയസ്സ് പൂർത്തിയാക്കുമെന്നും ഈ സാഹചര്യത്തിലാണു അമിത് ഷായെ പ്രധാനമന്ത്രിയാക്കാനുള്ള തീരുമാനമെന്നും പറഞ്ഞ കേജ്‌രിവാൾ എൽ.കെ.അഡ്വാനിയും മുരളി മനോഹർ ജോഷിയും ഈ പ്രായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണു സജീവ രാഷ്ട്രീയത്തിൽ നിന്നു വിരമിച്ചതെന്നും ചൂണ്ടിക്കാട്ടി.