കേജ്‌രിവാൾ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ഇ.ഡി; ഇടപെടാതെ സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ താൻ തിരികെ ജയിലിലേക്ക് പോകാതിരിക്കാൻ ആളുകൾ വോട്ടു ചെയ്യണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രസംഗിക്കുന്നുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സുപ്രീം കോടതിയിൽ ആരോപിച്ചു. അതു ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നു വാദിച്ചെങ്കിലും കോടതി ഇടപെടില്ല.
കോടതി ആർക്കും പ്രത്യേക പരിഗണന നൽകുന്നില്ലെന്നു ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേജ്‌രിവാളിനു ജാമ്യം നൽകിയ നടപടിയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് ഒരു മന്ത്രി നടത്തിയ പരാമർശം സത്യവാങ്മൂലമായി നൽകാമെന്ന് കേജ്‌രിവാളിന്റെ അഭിഭാഷകനായ അഭിഷേക് മനു സിങ്‌വി സൂചിപ്പിച്ചിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് പതിവില്ലാത്തതാണെന്നും അദ്ദേഹത്തിനു പ്രത്യേക പരിഗണന കിട്ടിയതായി ചിലർ കരുതുന്നുവെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ വിമർശിച്ചിരുന്നു. എന്നാൽ, വിധിന്യായത്തോടുള്ള ഏതു വിമർശനത്തെയും സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ജസ്റ്റിസ് ഖന്നയുടെ പ്രതികരണം.
തെളിവുണ്ട്, കുറ്റപത്രം ഉടനെന്ന് ഇ.ഡി
ന്യൂഡൽഹി ∙ മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും ആംആദ്മി പാർട്ടിക്കുമെതിരെ വൈകാതെ കുറ്റപത്രം സമർപ്പിക്കുമെന്ന് ഇ.ഡി സുപ്രീം കോടതിയെ അറിയിച്ചു. കുറ്റപത്രം തയാറായി വരികയാണെന്നും വൈകാതെ ഫയൽ ചെയ്യുമെന്നും അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു അറിയിച്ചു. കേജ്‌രിവാൾ 100 കോടി രൂപ കോഴ ആവശ്യപ്പെട്ടതിന്റെയും ആ പണം ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതിന്റെയും തെളിവ് കൈവശമുണ്ടെന്ന് ഇ.ഡി അവകാശപ്പെട്ടു. ഗോവയിലെ ആഡംബര ഹോട്ടലിൽ കേജ്‌രിവാൾ കഴിഞ്ഞതിന്റെയും അവിടത്തെ പകുതി ബിൽ കേസിലെ പ്രതികളിൽ ഒരാൾ നൽകിയതിന്റെയും തെളിവുണ്ടെന്നും പറഞ്ഞു.