പ്രജ്വൽ എവിടെയെന്ന് അറിയില്ലെന്ന് ജനതാദൾ; ജൻമദിനാഘോഷം ഒഴിവാക്കി ദേവെഗൗഡ
Mail This Article
ബെംഗളൂരു∙ ലൈംഗികപീഡന വിഡിയോകൾ പ്രചരിച്ചതിനു പിന്നാലെ രാജ്യംവിട്ട പ്രജ്വൽ രേവണ്ണ എംപി എവിടെയാണെന്ന് അറിയില്ലെന്ന് ജനതാദൾ നേതൃത്വം പറയുന്നു. രാജ്യം വിട്ട ശേഷം എംപി കുടുംബത്തേയോ പാർട്ടിയേയോ ബന്ധപ്പെട്ടിട്ടില്ലെന്ന് നിർവാഹക സമതി അധ്യക്ഷൻ ജി.ടി.ദേവെഗൗഡ പറഞ്ഞു. ഏപ്രിൽ 26ന് കർണാടകയിൽ ആദ്യഘട്ട തിരഞ്ഞെടുപ്പു നടന്ന രാത്രിയാണ് ജർമനിയിലേക്കു കടന്നത്. എംപിയെ രാജ്യത്തു തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതായി ആഭ്യന്തരമന്ത്രി ജി.പരമേശ്വര പറഞ്ഞു.
കൊച്ചുമകൻ പ്രജ്വലിന്റെ പേരിലുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുൻ പ്രധാനമന്ത്രിയും ദൾ ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവെഗൗഡ ജന്മദിനാഘാഷം റദ്ദാക്കി. നാളെ 91 വയസ്സു തികയുന്ന ഗൗഡ തന്നെയാണ് ആഘോഷങ്ങൾ ഒഴിവാക്കാൻ പ്രവർത്തകരോട് ആവശ്യപ്പെട്ടത്.
ഇതിനിടെ, വീട്ടുജോലിക്കാരിയായ 48 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ, പ്രജ്വലിന്റെ പിതാവ് എച്ച്.ഡി.രേവണ്ണയ്ക്ക് അനുവദിച്ച മുൻകൂർ ജാമ്യം ഈ മാസം 20 വരെ നീട്ടി. മകൻ പീഡിപ്പിച്ച വീട്ടമ്മയെ അനുയായികളെ ഉപയോഗിച്ചു തട്ടിക്കൊണ്ടു പോയെന്ന കേസിലെ അറസ്റ്റിൽ ജാമ്യം ലഭിച്ചിരുന്നു.