ADVERTISEMENT

ന്യൂഡൽഹി ∙ ഭൂമിയേറ്റെടുക്കൽ നടപടികളിലേക്കു കടക്കുംമുൻപു ഭൂവുടമയെ കൃത്യമായ വിവരങ്ങൾ അറിയിക്കണമെന്നും അവരുടെ എതിർപ്പും പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു. പൊതു ആവശ്യങ്ങൾക്കായുള്ള സ്ഥലമേറ്റെടുക്കൽ നടപടികളിൽ സർക്കാരിന്റെ ‘7 കടമകൾ’ നിശ്ചയിച്ചുകൊണ്ടുള്ള വിധിന്യായത്തിലാണ് ഈ നിർദേശം. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട കേന്ദ്ര നിയമങ്ങളിലെയും സംസ്ഥാന നിയമങ്ങളിലെയും സുപ്രധാന ഘടകങ്ങൾ ഏതെല്ലാമെന്ന് ഈ കടമകളിൽ വ്യക്തമാണെന്ന് ജഡ്ജിമാരായ പി.എസ്.നരസിംഹ, അരവിന്ദ്  കുമാർ എന്നിവരുടെ ബെഞ്ച്   വ്യക്തമാക്കി.

സർക്കാരിന്റെ 7 കടമകൾ

∙ നോട്ടിസ്: നടപടികൾ തുടങ്ങും മുൻപു തന്നെ ഭൂവുടമയ്ക്കു നോട്ടിസ് ലഭിക്കണമെന്നത് അറിയാനുള്ള അവകാശം എന്ന മൗലികാവകാശത്തിന്റെ ഭാഗമാണ്. നോട്ടിസ് സുവ്യക്തമായിരിക്കണം. 

∙ പറയാനുള്ളത്: ഭൂവുടമയ്ക്ക് പറയാനുള്ളത് കേൾക്കണം. ഭൂമിയേറ്റെടുക്കുന്ന അതോറിറ്റിയെ എതിർപ്പ് അറിയിക്കാൻ ഭൂവുടമയ്ക്ക് അവകാശമുണ്ട്. ഈ ആശയവിനിമയം അർഥപൂർണമായിരിക്കണം, തട്ടിക്കൂട്ടാകരുത്. ഭൂവുടമയുടെ എതിർപ്പുമായി ബന്ധപ്പെട്ട അന്വേഷണം പേരിനു മാത്രമാകരുത്.

∙ എതി‍ർവാദം: യുക്തിസഹമായ തീരുമാനമെടുക്കുകയും അതു ഭൂവുടമയെ അറിയിക്കുകയും ചെയ്യേണ്ടത് അതോറിറ്റിയുടെ കടമയാണ്. എതിർപ്പു കൂടി പരിഗണിച്ചുള്ള ഏറ്റെടുക്കൽ പ്രഖ്യാപനം നിർബന്ധമാണ്. ഇതിൽ വീഴ്ച വരുത്തുന്നതു  നടപടിയെ വിപരീതമായി ബാധിക്കും.

∙ സ്ഥലം എന്തിന്: സ്ഥലമേറ്റെടുപ്പ് സ്വാഭാവികമായും പൊതുആവശ്യത്തിനു വേണ്ടിയായിരിക്കണം. പൊതുആവശ്യത്തിനാണോ എന്നതു കോടതിയുടെ തീർപ്പിനു വിധേയമായിരിക്കും. പൊതു ആവശ്യത്തിനല്ലെന്നു കോടതി കണ്ടെത്തിയാൽ നടപടി റദ്ദാക്കപ്പെടും.

∙ നഷ്ടപരിഹാരം: സ്വത്തിനുള്ള അവകാശം ഭരണഘടനാപരമാണ്. അതിനാൽ ന്യായമായ നഷ്ടപരിഹാരം ഉടമയുടെ അവകാശമാണ്; അതു നൽകുകയും പുനരധിവാസം ഉറപ്പാക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ   കടമയാണ്. 

∙ സമയപരിധി: ഒന്നിലേറെ കാരണങ്ങളാൽ സ്ഥലമേറ്റെടുക്കൽ നടപടി ഭൂവുടമകളിൽ ആഘാതമേൽപ്പിക്കും. അതിനാൽത്തന്നെ സ്ഥലം കണ്ടെത്തലും പരിശോധനയും തുടങ്ങി നഷ്ടപരിഹാരം നൽകൽ വരെ ന്യായമായ സമയപരിധിയിൽ തീർക്കണം. നിയമാനുസൃതമുള്ള സമയപരിധി പാലിക്കാത്തതിന്റെ പേരിൽ കോടതികൾ സ്ഥലമേറ്റെടുക്കൽ റദ്ദു ചെയ്തിട്ടുണ്ട്.

∙ ഏറ്റെടുക്കൽ: നഷ്ടപരിഹാരം നൽകിയതുകൊണ്ടു സ്ഥലമേറ്റെടുപ്പ് പൂർത്തിയാകുന്നില്ല. പകരം, അതോറിറ്റി ഭൂമി നേരിട്ട് ഏറ്റെടുക്കേണ്ടതുണ്ട്. അല്ലെങ്കിൽ നടപടി പൂർത്തിയായതായി കരുതില്ല. അതുമായി ബന്ധപ്പെട്ട്   ഒട്ടേറെ കേസുകളും വിധിന്യായങ്ങളുമുണ്ട്.

സ്വകാര്യവ്യക്തിയുടെ ഭൂമി ഏറ്റെടുത്ത കൊൽക്കത്ത മുനിസിപ്പൽ കോർപറേഷന്റെ നടപടി തെറ്റാണെന്നു വിധിച്ച കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്. കേസിൽ ഭൂവുടമയ്ക്ക് കോർപറേഷൻ 5 ലക്ഷം രൂപ  പിഴയായി നൽകണമെന്നും കോടതി വിധിച്ചു.

English Summary:

Supreme Court directed that proper information should give to land owner about land acquisition process

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com