ദൂരദർശനിലും ആകാശവാണിയിലും പ്രതിപക്ഷത്തിന് ‘എഡിറ്റിങ്’; കേന്ദ്ര സർക്കാരിനെതിരെയുള്ള വാചകങ്ങളും വാക്കുകളും വെട്ടിമാറ്റി
Mail This Article
ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാക്കൾ നടത്തിയ പ്രസംഗങ്ങളിൽനിന്നു ‘വർഗീയ സ്വേച്ഛാധിപത്യ ഭരണം’, ‘മുസ്‌ലിം’ എന്നിവയടക്കം വാക്കുകൾ ദൂരദർശനും ഓൾ ഇന്ത്യ റേഡിയോയും വെട്ടിമാറ്റി. പ്രസംഗത്തിൽനിന്നു പല ഭാഗങ്ങളും നീക്കിയെന്നു കാട്ടി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജനും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനെയും ദൂരദർശൻ ഡയറക്ടർ ജനറലിനെയും സമീപിച്ചു.
ദേശീയ–സംസ്ഥാന പാർട്ടികളുടെ പ്രതിനിധികൾക്കു ദൂരദർശനിലും ആകാശവാണിയിലും രാഷ്ട്രീയ പ്രസംഗം നടത്താൻ സമയം അനുവദിക്കാറുണ്ട്. ഇത്തരത്തിൽ നൽകിയ പ്രസംഗങ്ങളിൽ എഡിറ്റിങ് നടത്തിയെന്നാണ് ആരോപണം.
തന്റെ പ്രസംഗത്തിലെ ‘വർഗീയ സ്വേച്ഛാധിപത്യ ഭരണം’, ‘കാടൻ നിയമങ്ങൾ’ എന്നീ പരാമർശങ്ങൾ ഒഴിവാക്കാൻ നിർദേശിച്ചതായി യച്ചൂരി ആരോപിക്കുന്നു. ഭരണത്തിലെ പാപ്പരത്തം എന്നതിനു പകരം ഭരണത്തിലെ പരാജയം എന്ന വാക്ക് ഉപയോഗിച്ചു. തിരഞ്ഞെടുപ്പു ബോണ്ടുകളുമായി ബന്ധപ്പെട്ട പരാമർശത്തിലെ ‘ബാലൻസ് ഷീറ്റിൽ കാണിച്ചിരിക്കുന്ന ലാഭത്തിന്റെ പലമടങ്ങു തുക സംഭാവനയായി നൽകി കള്ളപ്പണം വെളുപ്പിച്ചു’ എന്ന വാചകം പൂർണമായി നീക്കി.
കൊൽക്കത്തയിൽ വച്ചു റെക്കോർഡ് ചെയ്ത പ്രഭാഷണത്തിൽനിന്നു ‘മുസ്‌ലിം’ എന്ന വാക്ക് ഒഴിവാക്കാൻ നിർദേശിച്ചുവെന്നാണു ദേവരാജന്റെ ആരോപണം. പൗരത്വ ഭേദഗതി നിയമത്തിൽനിന്നു മുസ്‌ലിം വിഭാഗത്തെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പരാമർശത്തിലാണു മുസ്‌ലിം നീക്കാൻ ആവശ്യപ്പെട്ടത്. പകരം പ്രത്യേക സമൂഹങ്ങൾ എന്നു മാറ്റി. കഴിഞ്ഞ മാസമാണ് ഇരുവരുടെയും പ്രഭാഷണങ്ങൾ ദൂരദർശനിലും ആകാശവാണിയിലും സംപ്രേഷണം ചെയ്തത്. ഹിന്ദിയിലുള്ള പ്രഭാഷണത്തിൽ മാറ്റം വരുത്തിയില്ലെന്നും അതിന്റെ ഇംഗ്ലിഷ് പരിഭാഷയിലാണ് എഡിറ്റിങ് നടന്നതെന്നും യച്ചൂരി പറയുന്നു.
ഇതേസമയം, തിരഞ്ഞെടുപ്പു കമ്മിഷന്റെ പെരുമാറ്റച്ചട്ടം അനുസരിച്ചാണ് ഇത്തരം മാറ്റങ്ങൾ വരുത്തുന്നതെന്നും മുഖ്യമന്ത്രിമാരുടെ ഉൾപ്പെടെ പ്രഭാഷണം ഇത്തരത്തിൽ പരിഷ്കരിക്കാറുണ്ടെന്നുമാണു പ്രസാർ ഭാരതിയുടെ വിശദീകരണം. മറ്റു രാജ്യങ്ങൾ, മത–ജാതി വിഭാഗങ്ങൾ എന്നിവർക്കെതിരെ വിമർശനങ്ങൾ പാടില്ലെന്നും കോടതിയലക്ഷ്യമുണ്ടാക്കുന്നതോ വിദ്വേഷം പ്രചരിപ്പിക്കുന്നതോ ആയ പരാമർശങ്ങൾ പാടില്ലെന്നുമെല്ലാം നിർദേശമുണ്ട്.