കിർഗിസ്ഥാനിലെ അക്രമം: ഇന്ത്യൻ വിദ്യാർഥികൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം
Mail This Article
ന്യൂഡൽഹി ∙ കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കേക്കിൽ വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർഥികൾക്കു കേന്ദ്രം ജാഗ്രതാനിർദേശം നൽകി.
സ്ഥിതി ശാന്തമാണെങ്കിലും വിദ്യാർഥികൾ പുറത്തിറങ്ങരുതെന്നും പ്രശ്നമുണ്ടെങ്കിൽ 0555710041 എന്ന ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടണമെന്നും കിർഗിസ്ഥാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളും അവരുടെ വിദ്യാർഥികൾക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
കഴിഞ്ഞ 13നു കിർഗിസ്ഥാനിലെയും ഈജിപ്തിലെയും വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്റെ വിഡിയോ പ്രചരിച്ചതോടെയാണു വിദേശ വിദ്യാർഥികളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ തുടങ്ങിയത്. 14,500 ഇന്ത്യൻ വിദ്യാർഥികൾ കിർഗിസ്ഥാനിൽ പഠിക്കുന്നുണ്ടെന്നാണു വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. ഏറെയും മെഡിക്കൽ വിദ്യാർഥികളാണ്.
ബിഷ്കെക്കിലെ മെഡിക്കൽ സർവകലാശാല ഹോസ്റ്റലിലും വിദ്യാർഥികൾ താമസിക്കുന്ന വീടുകളിലും നടത്തിയ അതിക്രമങ്ങളിൽ ഏതാനും പാക്കിസ്ഥാൻ വിദ്യാർഥികൾക്കു പരുക്കേറ്റിട്ടുണ്ട്. ഭയാനകമായ സാഹചര്യമാണെന്നും വിദ്യാർഥികൾക്കു നേരെ പ്രാദേശികമായ അതിക്രമങ്ങൾ നടക്കുന്നുവെന്നും പല വിദ്യാർഥികളും സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു.
അതേസമയം, ആർക്കും പരുക്കേറ്റതായി വിവരമില്ലെന്നാണു കിർഗിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. സ്ഥിതി നിയന്ത്രണവിധേയമാണെന്നും ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്നും കിർഗിസ്ഥാൻ വിശദീകരിച്ചു. അവധിക്കാലത്തു നാട്ടിലേക്കു വരാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുകയാണെങ്കിലും വിമാനത്താവളത്തിലേക്കു പോകാൻ ഭയമാണെന്നു വിദ്യാർഥികൾ പറയുന്നു. പല മലയാളി വിദ്യാർഥികളും താമസിക്കുന്നതു കിർഗിസ്ഥാൻ സ്വദേശികളുടെ വീടുകൾ വാടകയ്ക്കെടുത്തും പേയിങ് ഗെസ്റ്റായുമാണ്.