പാർട്ടി നേതാക്കളുടെ വീടിനു മുന്നിൽ സമരം നടത്തും; കർഷക രോഷം വീണ്ടും, ബിജെപിക്ക് ആശങ്ക
Mail This Article
ന്യൂഡൽഹി ∙ ഹരിയാനയിൽ 25നും പഞ്ചാബിൽ ജൂൺ ഒന്നിനും വോട്ടെടുപ്പ് നടക്കാനിരിക്കെ കർഷക സംഘടനകൾ സമരം ശക്തമാക്കുന്നത് ബിജെപിയെ അങ്കലാപ്പിലാക്കുന്നു. കർഷക സമരത്തിനിടെ അറസ്റ്റിലായ 3 പേരെ വിട്ടയ്ക്കണമെന്ന ആവശ്യവുമായി ഹരിയാന– പഞ്ചാബ് അതിർത്തിയിലെ ശംഭു റെയിൽവേ സ്റ്റേഷനിൽ നടത്തിയിരുന്ന സമരം ബിജെപി നേതാക്കളുടെ വീടുകൾക്കു മുന്നിലേക്കു മാറ്റാൻ കർഷകർ തീരുമാനിച്ചു. സമരരംഗത്തുള്ള സംയുക്ത കിസാൻ മോർച്ച (രാഷ്ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച എന്നിവരുടെ യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.
കാർഷിക വിളകളുടെ താങ്ങുവില വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി നടത്തിയ ദില്ലി ചലോ മാർച്ചിന്റെ 100–ാം ദിവസമായ നാളെ ശംഭു അതിർത്തിയിൽ റാലി നടത്താനും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളുടെ വീടുകൾക്കു മുന്നിൽ ധർണ ആരംഭിക്കാനുമാണു തീരുമാനം.
ഫെബ്രുവരി 13ന് ആരംഭിച്ച സമരം ഡൽഹിയിലേക്കു കടക്കാൻ സാധിച്ചിരുന്നില്ല. പഞ്ചാബ്–ഹരിയാന അതിർത്തിയിലെ ശംഭു, ഖനൗരി തുടങ്ങിയ അതിർത്തികളിൽ ഹരിയാന പൊലീസ് സമരക്കാരെ തടഞ്ഞിരുന്നു. തുടർന്ന് അതിർത്തി പ്രദേശത്തു സമരം തുടരുകയായിരുന്നു. ഇതിനിടെയാണു ഹരിയാന പൊലീസ് അറസ്റ്റ് ചെയ്ത 3 കർഷകരെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ മാസം 17നു സംഘടനകളുടെ നേതൃത്വത്തിൽ ശംഭു റെയിൽവേ സ്റ്റേഷനിൽ ഉപരോധം ആരംഭിച്ചത്.
റെയിൽവേ ട്രാക്കിലെ സമരത്തെ തുടർന്ന് ഇതുവരെ 69 ട്രെയിനുകൾ റദ്ദാക്കി. ദിവസവും 150 ട്രെയിനുകൾ വഴിതിരിച്ചുവിടുന്നുണ്ട്. പഞ്ചാബിൽ വിളവെടുപ്പു പൂർത്തിയായ സാഹചര്യത്തിൽ ധാന്യങ്ങളും മറ്റും വിവിധ സ്ഥലങ്ങളിലേക്ക് മാറ്റേണ്ടതുണ്ട്. ട്രാക്ക് ഉപരോധം പിൻവലിച്ചതോടെ ഇത്തരം പ്രതിസന്ധികളെല്ലാം പരിഹരിക്കും.
ബിജെപി നേതാക്കൾ കർഷകരെ മോശക്കാരായി ചിത്രീകരിക്കുകയാണെന്നും ഈ സാഹചര്യത്തിലാണു നേതാക്കളുടെ വീടുകളിലേക്കു സമരം മാറ്റാനുള്ള തീരുമാനമെന്നും എസ്കെഎം നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ പറഞ്ഞു. ‘കേന്ദ്ര നേതാക്കൾ പലരും വരും ദിവസങ്ങളിൽ പ്രചാരണത്തിനായി പഞ്ചാബിലെത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 23,24 തീയതികളിൽ പഞ്ചാബിലുണ്ട്. കർഷകരുടെ ആവശ്യങ്ങൾ ഗൗനിക്കാത്ത ബിജെപി നേതാക്കളെ ശക്തി അറിയിക്കുകയാണു ലക്ഷ്യം’– അദ്ദേഹം പറഞ്ഞു.