ADVERTISEMENT

കൊൽക്കത്ത ∙ തൃണമൂൽ കോൺഗ്രസിനെതിരായ ബിജെപിയുടെ പരസ്യങ്ങൾ കൽക്കട്ട ഹൈക്കോടതി വിലക്കി. ഇത്തരം പരസ്യങ്ങൾ തടയാത്ത തിരഞ്ഞെടുപ്പു കമ്മിഷന് വൻ വീഴ്ച സംഭവിച്ചതായി കോടതി പറഞ്ഞു. തിരഞ്ഞെടുപ്പു കമ്മിഷൻ നടപടി സ്വീകരിക്കാത്തതിനെത്തുടർന്നാണ് തൃണമൂൽ കോൺഗ്രസ് കോടതിയെ സമീപിച്ചത്. 

നിശ്ശബ്ദപ്രചാരണദിവസങ്ങളിലാണ് തൃണമൂൽ നേതാക്കൾക്കെതിരെ വ്യക്തിപരമായ ആക്ഷേപങ്ങളുന്നയിക്കുന്നതും മതവൈരം വളർത്തുന്നതുമായ പരസ്യങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതെന്നു തൃണമൂൽ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തൃണമൂൽ സനാതന ധർമത്തിന് എതിരാണ് തുടങ്ങിയ തലക്കെട്ടുകളുമായി ഇറങ്ങിയ പരസ്യങ്ങൾ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. 

പരാതികൾ ലഭിച്ചിട്ടും സമയത്തിനു തിരഞ്ഞെടുപ്പു കമ്മിഷൻ ഇടപെടാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് ജസ്റ്റിസ് സബ്യസാചി ഭട്ടാചാര്യ പറഞ്ഞു. എന്നാൽ, മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർക്കു പരാതി കൈമാറിയുണ്ടെന്നും ബിജെപിക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്നും കമ്മിഷൻ പറഞ്ഞു. തിരഞ്ഞെടുപ്പു കഴിഞ്ഞ ശേഷം പരാതിയിൽ തീരുമാനമെടുത്തിട്ട് എന്തു കാര്യമെന്നും കോടതി ചോദിച്ചു. 

പരാതിക്കാരായ തൃണമൂൽ കോൺഗ്രസിന്റെ മാത്രമല്ല, സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് എന്ന പൗരൻമാരുടെയും അവകാശങ്ങളെ ലംഘിക്കുന്നതാണ് ബിജെപിയുടെ പരസ്യങ്ങളെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിനു പുറമേ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ ചട്ടങ്ങൾക്കും വിരുദ്ധമായ ഇത്തരം പരസ്യങ്ങൾ മാധ്യമങ്ങൾ ഒഴിവാക്കണമെന്നും കോടതി പറഞ്ഞു.

English Summary:

High Court bans BJP's election advertisement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com