250 ജോടി കുപ്പായം ഉണ്ടെന്നത് നേരിട്ട വലിയ ആരോപണം: മോദി
Mail This Article
ഭുവനേശ്വർ ∙ രാഷ്ട്രീയ ജീവിതത്തിൽ തനിക്കെതിരെ വന്ന ഏറ്റവും വലിയ ആരോപണം 250 ജോടി വസ്ത്രങ്ങളുണ്ടെന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസ് നേതാവും ഗുജറാത്തിലെ മുൻ മുഖ്യമന്ത്രിയുമായ അമർസിങ് ചൗധരിയാണ് ഈ ആരോപണം ഉന്നയിച്ചത്. ‘പൊതുയോഗത്തിൽ 250 കോടി മോഷ്ടിക്കുന്ന മുഖ്യമന്ത്രിയെ വേണോ 250 ജോടിവസ്ത്രമുള്ളയാൾ വേണമോ എന്ന് ചോദിച്ചു. 250 ജോടി വസ്ത്രമുള്ളയാൾ മതിയെന്ന് ഗുജറാത്തിലെ ജനങ്ങൾ മറുപടി പറഞ്ഞു’– വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞു.
250 എന്ന സംഖ്യയിൽ രണ്ടോ അല്ലെങ്കിൽ പൂജ്യമോ ഒഴിവാക്കിയില്ലെങ്കിൽ അതു വസ്തുതയല്ല. എന്നാൽ പോലും ഈ ആരോപണം താൻ ശരിവയ്ക്കുന്നുവെന്നാണ് അന്ന് പൊതുസമ്മേളനത്തിൽ പറഞ്ഞതെന്നും മോദി പറഞ്ഞു.
എൻഡിഎ റെക്കോർഡ് നേട്ടത്തിലേക്ക് പോകുമെന്നും ഇന്ത്യാസഖ്യത്തിന് പല സംസ്ഥാനങ്ങളിലും അക്കൗണ്ടു തുറക്കാൻ കഴിയില്ലെന്നും മോദി പറഞ്ഞു. ദക്ഷിണേന്ത്യയിൽ കഴിഞ്ഞതവണ തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപി ആയിരുന്നു. ഇത്തവണയും ആ നില തുടരും.
ബിജെപി ഒരിക്കലും ന്യൂനപക്ഷങ്ങൾക്ക് എതിരായിരുന്നില്ല. ഏല്ലാവരെയും തുല്യമായി പരിഗണിക്കണമെന്നും ആർക്കും പ്രത്യേക പരിഗണന നൽകരുതെന്നുമാണ് പാർട്ടി നയം. ഭരണഘടന തിരുത്തുമെന്നും സംവരണം എടുത്തുകളയുമെന്നും ഉള്ള ആരോപണങ്ങളെയും മോദി പുച്ഛിച്ചു തള്ളി.